എഐ താരങ്ങൾക്ക് വിലക്ക്; ഓസ്കർ നിയമങ്ങളിൽ വൻ മാറ്റവുമായി അക്കാദമി
ലോകസിനിമയിലെ പരമോന്നത ബഹുമതിയായ ഓസ്കർ പുരസ്കാരങ്ങൾക്കായി ഇനി കൃത്രിമബുദ്ധി (AI) ഉപയോഗിച്ചുള്ള പ്രകടനങ്ങൾ പരിഗണിക്കില്ലെന്ന് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് പ്രഖ്യാപിച്ചു. അഭിനയവും തിരക്കഥാ രചനയും മനുഷ്യർ തന്നെ നിർവഹിച്ചതാണെന്ന് ഉറപ്പാക്കുന്ന പുതിയ നിയമങ്ങളാണ് അക്കാദമി പുറത്തുവിട്ടിരിക്കുന്നത്. 2027 മാർച്ചിൽ നടക്കാനിരിക്കുന്ന ഓസ്കർ ചടങ്ങുകൾ മുതൽ ഈ നിബന്ധനകൾ പ്രാബല്യത്തിൽ വരും.
സിനിമ, ടെലിവിഷൻ മേഖലകളിൽ എഐ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന തൊഴിൽപരമായ ആശങ്കകൾ കണക്കിലെടുത്താണ് ഈ സുപ്രധാന നീക്കം. സിനിമാ നിർമ്മാണത്തിനായി എഐ ഉപകരണങ്ങൾ ഉപയോഗിക്കാൻ നിർമ്മാതാക്കൾക്ക് അനുവാദമുണ്ടെങ്കിലും, എഐ സൃഷ്ടിച്ച അഭിനേതാക്കൾക്ക് പുരസ്കാരങ്ങൾക്ക് അർഹതയുണ്ടാവില്ല. കൂടാതെ, സമർപ്പിക്കപ്പെടുന്ന തിരക്കഥകൾ പൂർണ്ണമായും മനുഷ്യർ രചിച്ചതാണെന്ന ബോധ്യം അക്കാദമിക്കുണ്ടാവണം. ഇത് സ്ഥിരീകരിക്കുന്നതിനായി ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാൻ അക്കാദമിക്ക് അധികാരമുണ്ടാകും.
പുരസ്കാര നാമനിർദ്ദേശ പ്രക്രിയയിലും ചില ഇളവുകൾ അക്കാദമി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം ഒരു രാജ്യത്തിന് ഒന്നിലധികം നോമിനേഷനുകൾ ഓസ്കറിലേക്ക് നൽകാൻ സാധിക്കും. കൂടാതെ ഗ്രാമി, കാൻ പോലുള്ള പ്രമുഖ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾക്ക് നേരിട്ട് സ്വയം നാമനിർദ്ദേശം ചെയ്യാനുള്ള അവസരവും ഇനിമുതൽ ലഭിക്കും.