100 കോടി ക്ലബ്ബിൽ ഇടംനേടി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'; ബോക്‌സ് ഓഫീസിൽ നിവിൻ പോളിയുടെ തിരിച്ചുവരവ്
ഓണം റിലീസായി തിയറ്ററുകളിലെത്തിയ നിവിൻ പോളി - ഗിരീഷ് എ.ഡി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 100 കോടി ക്ലബ്ബിൽ ഇടംനേടി. റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 110.73 കോടി രൂപയാണ് ചിത്രം വാരിയത്. പൃഥ്വിരാജ് ചിത്രം 'ഖലീഫ'യെ പിന്നിലാക്കിയാണ് നിവിൻ പോളി ചിത്രം ഓണം ബോക്‌സ് ഓഫീസ് വിജയമായത്.
കഴിഞ്ഞ വർഷമിറങ്ങിയ 'സർവ്വം മായ'യ്ക്ക് ശേഷം നിവിൻ പോളിയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ചിത്രമാണിത്. നായികയായ മമിത ബൈജുവിന്റെ അഞ്ചാമത്തെയും സംവിധായകൻ ഗിരീഷ് എ.ഡിയുടെ തുടർച്ചയായ രണ്ടാമത്തെയും 100 കോടി ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രേമലുവിന് പുറമെ തമിഴിൽ അഭിനയിച്ച ഡ്യൂഡ്, ജന നായകൻ, വിശ്വനാഥ് ആൻഡ് സൺസ് എന്നീ ചിത്രങ്ങളും മമിതയുടേതായി നൂറ് കോടി കടന്നിരുന്നു.
ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രത്തിൽ മമിത ബൈജു, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ഷമീർ ഖാൻ, ശ്രിന്ദ, ബിന്ദു പണിക്കർ തുടങ്ങിയ വലിയ താരനിര തന്നെയാണ് അണിനിരന്നത്.