'തിയറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെക്കരുത്': പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി ഭാവന സ്റ്റുഡിയോസ്
നിവിൻ പോളിയെയും മമിത ബൈജുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയും കളക്ഷൻ നേട്ടത്തോടെയും പ്രദർശനം തുടരുകയാണ്. ഇതിനിടെ, സിനിമ കാണാൻ പോകുന്ന പ്രേക്ഷകർക്ക് പ്രധാന മുന്നറിയിപ്പുമായി നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് രംഗത്തെത്തി.
തിയറ്ററുകളിൽ നിന്നുള്ള സിനിമയുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നാണ് അണിയറപ്രവർത്തകർ ആവശ്യപ്പെടുന്നത്. പ്രേക്ഷകർ നൽകുന്ന മികച്ച വരവേൽപ്പിന് നന്ദി അറിയിച്ച നിർമ്മാതാക്കൾ, ചിത്രത്തിലെ ദൃശ്യങ്ങൾ പുറത്തുവിടുന്നത് സിനിമ കാണാനിരിക്കുന്ന മറ്റുള്ളവരുടെ ആസ്വാദനത്തെ സാരമായി ബാധിക്കുമെന്നും സർപ്രൈസുകൾ എല്ലാവരും തിയറ്ററിൽ തന്നെ ആസ്വദിക്കട്ടെയെന്നും സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.
'പ്രേമലു'വിന്റെ വൻ വിജയത്തിന് ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. സംഗീത പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.