പാക് ഉള്ളടക്കങ്ങൾക്ക് 'നോ' പറഞ്ഞ് കേന്ദ്രം; വെബ് സീരീസ് ഇന്ത്യയിൽ സ്ട്രീം ചെയ്യരുതെന്ന് നെറ്റ്ഫ്ലിക്സിന് കർശന നിർദ്ദേശം

 

പാകിസ്താനിൽ നിന്നുള്ള സിനിമകളോ സീരീസുകളോ ഇന്ത്യൻ പ്രേക്ഷകർക്ക് ലഭ്യമാക്കരുതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നെറ്റ്ഫ്ലിക്സിന് കർശന നിർദ്ദേശം നൽകി. നെറ്റ്ഫ്ലിക്സിന്റെ ആദ്യ പാകിസ്താൻ ഒറിജിനൽ സീരീസായ 'ജോ ബച്ചേ ഹെയിൻ സംഗ് സമേത് ലോ' ഡിസംബർ നാലിന് റിലീസ് ചെയ്യാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ നിർണായക ഇടപെടൽ. സീരീസ് ഇന്ത്യയിലും പ്രദർശിപ്പിക്കുമെന്ന ആശങ്കകളെയും പരാതികളെയും തുടർന്നാണ് നടപടി. 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, മേയ് എട്ടിന് പാകിസ്താൻ ഉള്ളടക്കങ്ങൾ പൂർണ്ണമായും നിരോധിച്ചുകൊണ്ട് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ഈ വിലക്ക് കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നെറ്റ്ഫ്ലിക്സിനെ ഓർമ്മിപ്പിച്ചു.

2021-ലെ ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങൾ പ്രകാരം രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, പൊതുസമാധാനം എന്നിവയെ ബാധിക്കുന്ന ഉള്ളടക്കങ്ങളുടെ കാര്യത്തിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. പാകിസ്താൻ ഉള്ളടക്കങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കില്ലെന്ന് കഴിഞ്ഞ വർഷം ജൂണിൽ നെറ്റ്ഫ്ലിക്സ് ഉറപ്പ് നൽകിയിരുന്നതാണെന്നും, ആ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രമുഖ പാക് എഴുത്തുകാരി ഫർഹത്ത് ഇഷ്തിയാഖിന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ഈ റൊമാന്റിക് ഡ്രാമയിൽ ഫവാദ് ഖാൻ, മാഹിറ ഖാൻ, ഹനിയ ആമിർ, ഹംസ അലി അബ്ബാസി തുടങ്ങിയ താരങ്ങളാണ് അണിനിരക്കുന്നത്.

നേരത്തെ, ഈ സീരീസ് ഇന്ത്യൻ കാറ്റലോഗിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (എ.ഐ.സി.ഡബ്ല്യു.എ) നെറ്റ്ഫ്ലിക്സിന് മുന്നറിയിപ്പ് നൽകിയിരുന്നു. തീവ്രവാദ നേതാവ് ഹാഫിസ് സയീദിനെ പിന്തുണച്ച ചരിത്രമുള്ള നടൻ ഹംസ അലി അബ്ബാസിക്ക് വേദി നൽകുന്നതിനെതിരെ സംഘടന രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. സീരീസ് പിൻവലിച്ചില്ലെങ്കിൽ നെറ്റ്ഫ്ലിക്സ് ഓഫീസ് ഉപരോധിക്കുമെന്നും രാജ്യവ്യാപക ബഹിഷ്കരണം നടത്തുമെന്നും സംഘടന പ്രഖ്യാപിച്ചിരുന്നു. പാകിസ്താൻ കലാകാരന്മാരുടെ ഒരു സൃഷ്ടിക്കും ഇന്ത്യൻ സ്ക്രീനുകളിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്കും മന്ത്രാലയത്തിനും സംഘടന കത്തും നൽകിയിരുന്നു.