ചാർജ് ആയി; നമ്മൾ കാണാനാഗ്രഹിച്ച നിവിനും കൂട്ടിന് മമിതയും; 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ട്രെയ്ലർ പുറത്ത്
പ്രേക്ഷകർ കാണാൻ കൊതിച്ച നിവിൻ പോളിയുടെ തിരിച്ചുവരവറിയിച്ച്, ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ട്രെയ്ലർ പുറത്തിറങ്ങി. മികച്ച നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ട്രെയിലർ ഓണം റിലീസായി ഓഗസ്റ്റ് 21-നാണ് സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിൽ അയൽപക്ക ബന്ധങ്ങളുടെ രസകരമായ കഥ പറയുന്ന ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആയിരിക്കുമെന്നാണ് മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ നൽകുന്ന സൂചന. 'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ വൻ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസ് ആദ്യമായി നിവിൻ പോളിയുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'പ്രേമലു'വിന്റെ വൻ വിജയത്തിന് ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി പ്രമുഖ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.