ചിദംബരവും ഋഷഭ് ഷെട്ടിയും ഒന്നിക്കുന്നു; രണ്ട് ചിത്രങ്ങൾ പ്രഖ്യാപിച്ചു, ആദ്യ ചിത്രം ഷിബു തമീൻസ് നിർമിക്കും

 

'മഞ്ഞുമ്മൽ ബോയ്‌‌സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ചിദംബരവും ദേശീയ പുരസ്‌കാര ജേതാവായ കന്നഡ താരം ഋഷഭ് ഷെട്ടിയും രണ്ട് ചിത്രങ്ങൾക്കായി ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം കന്നഡ പശ്ചാത്തലത്തിലുള്ള ഒരു സ്പോർട്സ് ഡ്രാമയായിരിക്കും. പ്രമുഖ നിർമാതാവ് ഷിബു തമീൻസാണ് തമീൻസ് ഫിലിംസ്, എച്ച്.ആർ. പിക്‌‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ താരനിരയെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. 'കാന്താര'യ്ക്ക് ശേഷം വൻ ജനപ്രീതി നേടിയ ഋഷഭ് ഷെട്ടിയും വേറിട്ട മേക്കിങ് ശൈലിയുള്ള ചിദംബരവും കൈകോർക്കുന്നത് സിനിമാപ്രേമികളിൽ വലിയ പ്രതീക്ഷയാണ് ഉണർത്തിയിരിക്കുന്നത്.