'മഞ്ഞുമ്മൽ ബോയ്‌സി'ന് ശേഷം ചിദംബരം ഒരുക്കുന്ന 'ബാലൻ' ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ; ബുക്കിങ് ആരംഭിച്ചു
മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിലൊന്നായ 'മഞ്ഞുമ്മൽ ബോയ്‌സി'ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ - ദി ബോയ്' (Balan-The Boy) ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ 'മാർഷേ ഡു ഫിലിമിൽ' (Marché du Film) പ്രദർശിപ്പിച്ച് വലിയ പ്രശംസ നേടിയ ശേഷമാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ വിഷയങ്ങൾ പശ്ചാത്തലമാക്കി സസ്‌പെൻസും ത്രില്ലും നിറഞ്ഞ രീതിയിലാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ട്രെയിലറിനും 'താക്കോൽ' എന്ന ഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്നു എന്നതിനൊപ്പം 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവനാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയും ബാലനുണ്ട്. ഈ രണ്ട് പ്രതിഭകളുടെ കൂട്ടുകെട്ട് സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
അണിയറ പ്രവർത്തകർ: ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷനാണ്. പ്രൊഡക്ഷൻ ഡിസൈൻ: അജയൻ ചാലിശ്ശേരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ/കാസ്റ്റിംഗ് ഡയറക്ടർ: ഗണപതി, വസ്ത്രാലങ്കാരം: സപ്ന കാജാ റാവുത്തർ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.