ക്രിസ്റ്റഫർ നോളൻ മുംബൈയിലേക്ക്; പുതിയ ചിത്രത്തിന്റെ പ്രീമിയർ ഷോ ഇന്ത്യയിലും നടക്കും

 

ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഒഡീസി'യുടെ പ്രീമിയർ ഷോയ്ക്കായി അടുത്ത മാസം മുംബൈയിലെത്തും. സിനിമയുടെ റിലീസിന് മുന്നോടിയായുള്ള ആഗോള ടൂറിന്റെ ഭാഗമായാണ് സന്ദർശനം. ലണ്ടൻ, പാരീസ്, ന്യൂയോർക്ക് എന്നീ നഗരങ്ങൾക്കൊപ്പം മുംബൈയെയും ഔദ്യോഗിക വേദിയായി യൂണിവേഴ്സൽ പിക്ചേഴ്സ് ഇന്റർനാഷണൽ തിരഞ്ഞെടുത്തു. നോളനൊപ്പം ചിത്രത്തിലെ പ്രധാന താരങ്ങളായ മാറ്റ് ഡാമൺ, ടോം ഹോളണ്ട്, നിർമാതാവ് എമ്മ തോമസ് എന്നിവരും മുംബൈയിലെ ചടങ്ങിൽ പങ്കെടുക്കും. ജൂലൈ 17-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഹോമറിന്റെ ഇതിഹാസ കൃതിയെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രം പൂർണ്ണമായും ഐമാക്സ് ക്യാമറകളിൽ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്. ആൻ ഹാതവേ, റോബർട്ട് പാറ്റിൻസൺ, സെൻഡയ തുടങ്ങിയ വലിയ താരനിരയും ഇതിലുണ്ട്. ജൂൺ 8-ന് ആരംഭിച്ച അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ വലിയ നിരക്കാണ് ഈടാക്കുന്നത്. മുംബൈയിലും പൂനെയുമെല്ലാം ടിക്കറ്റ് നിരക്ക് 3,000 മുതൽ 3,300 രൂപ വരെ ഉയർന്നിട്ടുണ്ടെങ്കിലും മിനിറ്റുകൾക്കകം തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റുതീർന്നു.