തമിഴ്നാട്ടിൽ സെപ്റ്റംബർ ഒന്നു മുതൽ സിനിമാ സമരം; റിലീസുകളും ഷൂട്ടിങ്ങും നിർത്തിവെക്കും
സെപ്റ്റംബർ ഒന്ന് മുതൽ പുതിയ തമിഴ് സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്നും ചിത്രീകരണവും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും നിർത്തിവെക്കുമെന്നും നിർമാതാക്കളുടെ സംഘടനകൾ പ്രഖ്യാപിച്ചു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലും (TFPC) തമിഴ്നാട് ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായാണ് ഈ തീരുമാനമെടുത്തത്. തിയേറ്റർ ഉടമകളും വിതരണക്കാരും മുന്നോട്ടുവെച്ച പുതിയ നിബന്ധനകളാണ് തമിഴ് സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയത്.
സിനിമകൾ റിലീസ് ചെയ്ത് എട്ടാഴ്ചയ്ക്ക് ശേഷമേ OTT പ്ലാറ്റ്‌ഫോമുകളിൽ നൽകാവൂ എന്നും പുതിയ സിനിമകൾക്ക് മുൻകൂർ പണം നൽകില്ലെന്നുമുള്ള തിയേറ്റർ ഉടമകളുടെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് നിർമാതാക്കളെ സമരത്തിലേക്ക് നയിച്ചത്. ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന വിഷയമായതിനാൽ തമിഴ്നാട് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
സമരം ആരംഭിക്കുന്നതോടെ കാർത്തിയുടെ 'സർദാർ 2', ജി.വി. പ്രകാശിന്റെ 'ഇമ്മോർട്ടൽ', സൂരിയുടെ 'മന്ദാടി', 'ഡിമോണ്ടെ കോളനി 3' തുടങ്ങിയ ചിത്രങ്ങളുടെ റിലീസ് അനിശ്ചിതത്വത്തിലാകും. തർക്കം തുടർന്നാൽ 'ജയിലർ 2', ധനുഷിന്റെ 'ഓം', വിജയ് സേതുപതിയുടെ 'ബത്ത' തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമാണത്തെയും റിലീസിനെയും ഇത് പ്രതികൂലമായി ബാധിക്കും.