'ദുൽഖറിന്റെ 'ആകാശംലോ ഒക താര'യ്ക്ക് അഭിനന്ദനവുമായി ജി. വി. പ്രകാശ് കുമാർ
ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം "ആകാശംലോ ഒക താര"യ്ക്ക് അഭിനന്ദനവുമായി സംഗീത സംവിധായകൻ ജി. വി. പ്രകാശ് കുമാർ. ചിത്രം കണ്ടതിന് ശേഷം സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദുൽഖറിന്റെ അടുത്ത ബ്ലോക്ബസ്റ്റർ ചിത്രമായിരിക്കും ഇതെന്ന് വിശേഷിപ്പിച്ച ജി. വി. പ്രകാശ്, സിനിമ ഗംഭീരമായി വന്നിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ ജി. വി. പ്രകാശിന്റെ വാക്കുകൾ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഗീതാ ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ സംയുക്തമായാണ് അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലി നായികയാകുന്ന ചിത്രത്തിൽ ശ്രുതി ഹാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ "കുട്ടി കുട്ടി പൂവേ" എന്ന ഗാനവും ദുൽഖറിന്റെ ഫസ്റ്റ് ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു.
മഹാനടി, സീതാ രാമം, ലക്കി ഭാസ്കർ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന പുതിയ തെലുങ്ക് ചിത്രമാണിത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പുറത്തുവിടും.