ദിലീപുമായി സിനിമയില്ലെന്ന് പറഞ്ഞതോടെ സൈബര്‍ ആക്രമണം; അക്കൗണ്ട് പ്രൈവറ്റാക്കി ചിദംബരം; ഹനുമാൻ കൈൻഡിനും 'തെറിവിളി'

 

സിനിമയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തള്ളിക്കളഞ്ഞതിന് പിന്നാലെ നേരിട്ട സൈബർ ആക്രമണത്തെത്തുടർന്ന് സംവിധായകൻ ചിദംബരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റാക്കി. 'മഞ്ഞുമ്മൽ ബോയ്സി'ലൂടെ ശ്രദ്ധേയനായ ചിദംബരം, ദിലീപിനെ നായകനാക്കി സിനിമ ചെയ്യുന്നുവെന്ന വാർത്തകൾ നിഷേധിച്ചതാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. ഇത്തരം വാർത്തകൾ നൽകുന്നതിന് മുൻപ് വസ്തുതകൾ ഉറപ്പുവരുത്തണമെന്നും താൻ സർവൈവൽ ത്രില്ലർ സ്പെഷ്യലിസ്റ്റ് അല്ലെന്നും ചിദംബരം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകന് നേരെ കടുത്ത സൈബർ ആക്രമണം ഉണ്ടായത്.

ചിദംബരം അക്കൗണ്ട് നിയന്ത്രിച്ചതോടെ ആരാധകരുടെ രോഷം ചെന്നുപതിച്ചത് പ്രശസ്ത റാപ്പർ ഹനുമാൻ കൈൻഡിന്റെ (Hanumankind) കമന്റ് ബോക്സിലാണ്. ചിദംബരവും ഹനുമാൻ കൈൻഡും തമ്മിലുള്ള രൂപസാദൃശ്യം കാരണമാണ് ആരാധകർക്ക് ആൾമാറാട്ടം സംഭവിച്ചത്. "എന്തിനാ വർക്കിച്ചൻ ഞങ്ങടെ റൺവേയിൽ കേറി കളിച്ചത്", "മേലാൽ ഇത് ആവർത്തിക്കരുത്" തുടങ്ങിയ കമന്റുകളുമായി റാപ്പറുടെ പോസ്റ്റുകൾക്ക് താഴെ ആരാധകർ പ്രതിഷേധം അറിയിക്കുകയാണ്. രൂപസാദൃശ്യം നേരത്തെ ട്രോളുകളിൽ നിറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ അത് ആൾമാറാട്ടത്തിലേക്കും അസഭ്യവർഷത്തിലേക്കും മാറിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.