ഡെയ്ഞ്ചറസ് ഡാനി; 'ബാച്ച്ലർ പാർട്ടി Deux'-ലെ സൗബിൻ ഷാഹിറിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

 

സംവിധായകൻ അമൽ നീരദിന്റെ പുതിയ ചിത്രമായ 'ബാച്ച്ലർ പാർട്ടി Deux'-ലെ സൗബിൻ ഷാഹിറിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ 'ഡാനി' എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. കയ്യിൽ തോക്കുമായി ചിരിച്ചുകൊണ്ട് നിൽക്കുന്ന സൗബിന്റെ വ്യത്യസ്തമായ ലുക്കാണ് പോസ്റ്ററിലുള്ളത്.

ചിത്രത്തിൽ ടൊവിനോ തോമസ്, നസ്ലിൻ എന്നിവരുടെ പോസ്റ്ററുകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. നവംബർ 19-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. 2012-ൽ പുറത്തിറങ്ങി കൾട്ട് ക്ലാസിക് പദവി നേടിയ 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗം 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എത്തുന്നത്. നസ്ലിൻ, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയൻമെന്റ്‌സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നിവർ ചേർന്നാണ് നിർമാണം.