ഡീപ്ഫേക്ക് ഭീഷണി: ശബ്ദവും രൂപവും സംരക്ഷിക്കാൻ കടുത്ത നിയമനടപടികളുമായി ടെയ്‌ലർ സ്വിഫ്റ്റ്
നിർമിത ബുദ്ധിയുടെയും (AI) ഡീപ്ഫേക്കുകളുടെയും ദുരുപയോഗം ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, സ്വന്തം വ്യക്തിത്വത്തിന് നിയമപരിരക്ഷ ഉറപ്പാക്കാൻ നീക്കങ്ങളുമായി ലോകപ്രശസ്ത പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റ്. താരത്തിന്റെ ശബ്ദവും രൂപവും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയാൻ അമേരിക്കൻ ട്രേഡ്‌മാർക്ക് അപേക്ഷകൾ നൽകിയിരിക്കുകയാണ് സ്വിഫ്റ്റ്. വ്യാജ പ്രചാരണങ്ങൾ, ക്ലോൺ ചെയ്ത ഓഡിയോകൾ, ഡീപ്ഫേക്ക് വീഡിയോകൾ എന്നിവയിലൂടെ സെലിബ്രിറ്റികൾ നേരിടുന്ന സ്വകാര്യതാലംഘനം ചെറുക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടി.എ.എസ്. (TAS) റൈറ്റ്സ് മാനേജ്‌മെന്റ് മുഖേനയാണ് അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. താരത്തിന്റെ വരാനിരിക്കുന്ന പ്രൊമോഷണൽ വോയ്‌സ് മെസ്സേജുകൾക്കും വേദിയിൽ പിങ്ക് ഗിറ്റാറുമായി നിൽക്കുന്ന ചിത്രത്തിനുമാണ് പ്രധാനമായും ട്രേഡ്‌മാർക്ക് പരിരക്ഷ തേടിയിരിക്കുന്നത്. നിലവിലെ പകർപ്പവകാശ നിയമങ്ങൾ എ.ഐ സൃഷ്ടിക്കുന്ന വ്യാജ കണ്ടന്റുകളെ തടയാൻ പര്യാപ്തമല്ലാത്തതിനാലാണ് ട്രേഡ്‌മാർക്ക് നിയമത്തിന്റെ സാധ്യതകൾ താരം പ്രയോജനപ്പെടുത്തുന്നത്. നേരത്തെ ഹോളിവുഡ് താരം മാത്യു മക്കോനാഗെയും ഇന്ത്യൻ സിനിമാ ഇതിഹാസം അമിതാഭ് ബച്ചനും സമാനമായ രീതിയിൽ തങ്ങളുടെ ശബ്ദത്തിനും വ്യക്തിത്വത്തിനും നിയമപരിരക്ഷ തേടിയിരുന്നു.
ഇന്റർനെറ്റ് തമാശകൾ എന്ന നിലയിൽ തുടങ്ങിയ ഡീപ്ഫേക്കുകൾ ഇന്ന് തട്ടിപ്പുകൾക്കും വ്യക്തിത്വഹത്യക്കും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ രശ്മിക മന്ദാന, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങിയ താരങ്ങൾ ഡീപ്ഫേക്ക് വീഡിയോകൾക്ക് ഇരയായിരുന്നു. ഇതോടെ ആഗോള തലത്തിൽ തന്നെ എ.ഐ നിയന്ത്രണങ്ങൾക്കും ഡിജിറ്റൽ സുരക്ഷയ്ക്കുമായി ശക്തമായ ആവശ്യമുയരുന്നുണ്ട്. ടെയ്‌ലർ സ്വിഫ്റ്റിന്റെ ഈ നിയമപോരാട്ടം ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പുതിയൊരു മാതൃകയാകും.