ഇറാൻ യുദ്ധം: സുരക്ഷാ പ്രശ്നങ്ങൾ കാരണം പാരീസ് ഫാഷൻ വീക്കിൽ നിന്ന് പിന്മാറി ദീപിക പദുക്കോൺ

 

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് പാരീസ് ഫാഷൻ വീക്കിൽ നിന്നുള്ള യാത്ര റദ്ദാക്കി ബോളിവുഡ് താരം ദീപിക പദുക്കോൺ. ഫ്രഞ്ച് ആഡംബര ബ്രാൻഡായ ലൂയി വിറ്റോണിന്റെ (Louis Vuitton) വിന്റർ ഷോയിൽ പങ്കെടുക്കാനായി മാർച്ച് 10-ന് പാരീസിലേക്ക് പോകാനിരുന്നതായിരുന്നു താരം. എന്നാൽ അമേരിക്ക-ഇറാൻ യുദ്ധം മൂലം വിമാന സർവീസുകൾക്കുണ്ടായ തടസ്സവും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് തീരുമാനം.

2022 മുതൽ ലൂയി വിറ്റോണിന്റെ ആഗോള അംബാസിഡറാണ് ദീപിക. സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് താരം ഈ വർഷത്തെ ഫാഷൻ വീക്കിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം പാരീസ് ഫാഷൻ വീക്കിൽ വെള്ള തൊപ്പിയും കോട്ടും ധരിച്ചെത്തിയ ദീപികയുടെ ലുക്ക് ഫാഷൻ ലോകത്ത് വലിയ തരംഗമായിരുന്നു. ഈഫൽ ടവറിന് മുന്നിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

യുദ്ധം മൂലം അന്താരാഷ്ട്ര വിമാന പാതകളിൽ വലിയ മാറ്റങ്ങൾ വന്നതും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ കഴിയാത്തതുമാണ് താരത്തിന്റെ പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.