ദേവനന്ദയും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന 'കല്യാണമരം' നാളെ തീയേറ്ററുകളിൽ

 

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദയും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന 'കല്യാണമരം' നാളെ തീയേറ്ററുകളിലെത്തും. രാജേഷ് അമനകര സംവിധാനം ചെയ്ത ഈ ചിത്രം ഒരു സമ്പൂർണ്ണ കുടുംബ വിനോദചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. മറിയം സിനിമാസിന്റെ ബാനറിൽ സജി കെ. ഏലിയാസ് നിർമ്മിച്ച ഈ ചിത്രത്തിലൂടെ പ്രശസ്ത നടി മീരാ വാസുദേവ് ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തിൽ സജിൻ മാഷ് എന്ന വ്യത്യസ്തമായ കഥാപാത്രമായാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. 'മാളികപ്പുറം' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ദേവനന്ദ അവതരിപ്പിക്കുന്ന മല്ലിക എന്ന കഥാപാത്രം പ്രേക്ഷകരുടെ മനം കവരുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. യുവതാരങ്ങളായ ആതിര പട്ടേൽ, പ്രശാന്ത് മുരളി എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. വളരെ വ്യത്യസ്തമായ ഒരു കുടുംബകഥയാണ് സിനിമ പറയുന്നതെന്ന് സംവിധായകൻ രാജേഷ് അമനകര വ്യക്തമാക്കി.

പ്രശാന്ത് മുരളി, മനോജ് കെ.യു, സഞ്ജു നൊടുകുന്നേൽ, മനോജ് പണിക്കർ, അമൽ രാജ് ദേവ്, ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. നിർമ്മാതാവ് സജി കെ. ഏലിയാസും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. രജീഷ് രാമൻ ക്യാമറയും അജയ് ജോസഫ് സംഗീതവും നിർവ്വഹിച്ച ചിത്രം വള്ളുവനാടൻ സിനിമ കമ്പനിയാണ് തീയേറ്ററുകളിൽ എത്തിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് അജയ് ജോസഫ് ഈണം നൽകിയിരിക്കുന്നു. പി.ആർ.ഒ - പി.ആർ സുമേരൻ.