ദേവിശ്രീ പ്രസാദ് അഭിനയത്തിലേക്കും; പിറന്നാൾ ദിനത്തിൽ ‘യെല്ലമ്മ’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

 

ഹിറ്റ് സംഗീതസംവിധായകൻ ദേവിശ്രീ പ്രസാദ് ആദ്യമായി കേന്ദ്ര കഥാപാത്രമായി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ 'യെല്ലമ്മ' എന്ന ചിത്രത്തിലെ 'പാർഷി' എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദിൽ രാജുവിന്റെ ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യ റിലീസായാണ് എത്തുന്നത്.

പോസ്റ്ററുകളുടെ വമ്പൻ മാസ് ശൈലികളിൽ നിന്ന് മാറി, കൈയിൽ ഒരു കിരീടവുമായി ലളിത വേഷത്തിൽ നിൽക്കുന്ന ഡി.എസ്.പിയെയാണ് പോസ്റ്ററിൽ കാണാനാവുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനവും ദേവിശ്രീ പ്രസാദ് തന്നെയാണ് നിർവഹിക്കുന്നത്. 'ബലഗം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വേണു യെൽദണ്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖറാണ്.