വെള്ളത്തിനടിയിലെ ആക്ഷൻ രംഗങ്ങളുമായി 'ധൂമകേതു'; സജിൻ ഗോപുവും നിഖില വിമലും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ 'സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്.എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം 'ധൂമകേതു'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സജിൻ ഗോപുവും നിഖില വിമലും വെള്ളത്തിനടിയിലുള്ള ആക്ഷൻ പശ്ചാത്തലത്തിൽ നിൽക്കുന്ന വേറിട്ട പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ഈ ഫസ്റ്റ് ലുക്ക് വലിയ രീതിയിൽ തരംഗമായിക്കഴിഞ്ഞു. സുധി മാഡിസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സജിൻ ഗോപു, നിഖില വിമൽ എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ഗണപതി, മഞ്ജു പിള്ള, നിയാസ് ബക്കർ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. ഭാവന റിലീസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ജിന്റോ ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വിവേക് ഹർഷനാണ്. അങ്കിത് മേനോൻ സംഗീതവും രംഗനാഥ് രവി ശബ്ദലേഖനവും നിർവ്വഹിക്കുന്നു. ഔസേപ്പ് ജോൺ (പ്രൊഡക്ഷൻ ഡിസൈൻ), മഷർ ഹംസ (വസ്ത്രാലങ്കാരം), ആർ. ജി. വയനാടൻ (ചമയം), ആന്റണി തോമസ് (പ്രൊഡക്ഷൻ കൺട്രോളർ), സ്റ്റീവൻ കുമാർ (സംഘട്ടനം), ആതിര ദിൽജിത്ത് (പി.ആർ.ഒ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.