രണ്ടാം ഭാഗത്തിന് മുന്നോടിയായി 'ധുരന്ധർ' റീ-റിലീസ്; ടിക്കറ്റുകൾ മിന്നൽ വേഗത്തിൽ വിറ്റഴിയുന്നു!

 

സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ധുരന്ധർ ദ റിവഞ്ച്' മാർച്ച് 19-ന് തിയേറ്ററുകളിലെത്തുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ആദ്യഭാഗം ലോകമെമ്പാടുമുള്ള 500-ഓളം സ്‌ക്രീനുകളിൽ വീണ്ടും പ്രദർശനത്തിനെത്തുന്നു. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്നാണ് ഈ ബൃഹത്തായ റീ-റിലീസ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ മാർച്ച് 12 മുതലും വിദേശ രാജ്യങ്ങളിൽ മാർച്ച് 13 മുതലും ചിത്രം സ്ക്രീനുകളിലെത്തും.

സാധാരണഗതിയിൽ ഹോളിവുഡ് ചിത്രങ്ങൾക്ക് മാത്രം ലഭിക്കാറുള്ള വലിയൊരു റീ-റിലീസ് അവസരമാണ് 'ധുരന്ധറി'ന് ലഭിച്ചിരിക്കുന്നത്. വടക്കേ അമേരിക്കയിൽ മാത്രം 185 സ്‌ക്രീനുകളിലാണ് ചിത്രം വീണ്ടും പ്രദർശിപ്പിക്കുന്നത്. രണ്ട് ഭാഗങ്ങളും തൊട്ടടുത്ത ദിവസങ്ങളിലായി വലിയ സ്‌ക്രീനിൽ കാണാൻ പ്രേക്ഷകർക്ക് സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. രണ്ടാം ഭാഗത്തിന്റെ ആവേശത്തിനിടയിൽ റീ-റിലീസ് ചെയ്ത ഷോകളുടെ ടിക്കറ്റുകൾ ഇതിനോടകം തന്നെ പലയിടങ്ങളിലും സോൾഡ് ഔട്ട് ആയിക്കഴിഞ്ഞു.

അമേരിക്കയിലും കാനഡയിലും മാർച്ച് 18-ന് 'ധുരന്ധർ ദ റിവഞ്ച്' എന്ന രണ്ടാം ഭാഗത്തിന്റെ പ്രത്യേക പ്രീമിയർ ഷോകൾ നടക്കും. ഡോൾബി അറ്റ്‌മോസ് ഉൾപ്പെടെയുള്ള പ്രീമിയം ലാർജ് ഫോർമാറ്റ് സ്‌ക്രീനുകളിലാണ് ഈ പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. 2025-ലെ ഏറ്റവും വലിയ വിജയമായി മാറിയ ആദ്യഭാഗം 1300 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ കളക്ട് ചെയ്തത്. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ സ്പൈ-ആക്ഷൻ ത്രില്ലർ മാർച്ച് 19-ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ലോകമെമ്പാടും റിലീസ് ചെയ്യും.