'40 ലക്ഷം കൊടുക്കണ്ട, ജീവനാംശം 3 ലക്ഷം കൊടുത്താൽ മതി', രവി മോഹനോട് കോടതി, ആരതിക്ക് തിരിച്ചടി
നടൻ രവി മോഹനും വേർപിരിഞ്ഞു കഴിയുന്ന ഭാര്യ ആരതിയും തമ്മിലുള്ള വിവാഹമോചനക്കേസിൽ നിർണായക വിധി. പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം ആവശ്യപ്പെട്ട് ആരതി നൽകിയ ഹർജി ചെന്നൈ കുടുംബ കോടതി തള്ളി. പകരം പ്രതിമാസം മൂന്നു ലക്ഷം രൂപ താത്കാലിക ജീവനാംശമായി നൽകാൻ കോടതി ഉത്തരവിട്ടു.
കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും ദൈനംദിന ജീവിതച്ചെലവുകളും ചൂണ്ടിക്കാട്ടിയാണ് വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ മാസം തോറും 40 ലക്ഷം രൂപ ആവശ്യപ്പെട്ട് ആരതി കോടതിയെ സമീപിച്ചത്. 2025 ഏപ്രിൽ മുതൽ രവി മോഹൻ ജീവനാംശമോ കുട്ടികളുടെ സ്‌കൂൾ ഫീസോ നൽകിയിട്ടില്ലെന്നും ആരതി ഹർജിയിൽ ആരോപിച്ചിരുന്നു.
എന്നാൽ ആരതി ആവശ്യപ്പെട്ട തുക അമിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബ കോടതി ഹർജി തള്ളിയത്. ഇടക്കാല ആശ്വാസമെന്ന നിലയിൽ മൂന്നു ലക്ഷം രൂപ വീതം നൽകാൻ നിർദേശിച്ച കോടതി, രവി മോഹന് മക്കളെ സന്ദർശിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.
2009 ജൂണിൽ വിവാഹിതരായ ഇരുവരും 15 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് വേർപിരിയുന്നത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2024 സെപ്റ്റംബറിലാണ് രവി മോഹൻ വിവാഹമോചന തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ തന്റെ സമ്മതമില്ലാതെയാണ് ഈ പ്രഖ്യാപനമെന്നായിരുന്നു ആരതിയുടെ നിലപാട്.