'ഡോണ്ട് ട്രബിൾ ദ ട്രബിൾ'; ഫഹദ് ഫാസിലിന്റെ ഫാന്റസി ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ
ഫഹദ് ഫാസിൽ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയ്‌നർ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' ഒക്ടോബർ രണ്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ് ഭാഷകളിലും ഒരേസമയം പ്രദർശനത്തിനെത്തും. കേരളത്തിൽ ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. വ്യത്യസ്ത ലുക്കിലുള്ള ഫഹദിന്റെ പുതിയ പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ശശാങ്ക് യെലറ്റി സംവിധാനം ചെയ്യുന്ന ചിത്രം എസ്.എസ്. രാജമൗലിയാണ് അവതരിപ്പിക്കുന്നത്. അർക മീഡിയ വർക്ക്‌സിന്റെയും ഷോയിങ് ബിസിനസിന്റെയും ബാനറിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് നിർമാണം.
സൂരി എന്ന സ്ട്രീറ്റ് മജീഷ്യനായാണ് ഫഹദ് ഫാസിൽ ചിത്രത്തിലെത്തുന്നത്. ഫഹദ് കേന്ദ്രകഥാപാത്രമാകുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. കാല ഭൈരവയാണ് സംഗീതം. ചിത്രത്തിന്റെ മലയാളം ട്രെയ്‌ലറിന് മോഹൻലാലും തെലുങ്കിന് ബാലകൃഷ്ണയും തമിഴിന് കമൽഹാസനുമാണ് ശബ്ദം നൽകിയിരിക്കുന്നത്.