ദൃശ്യം 2 റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ
പൊതുവിൽ തിയറ്ററിൽ എത്തിയ സിനിമകളാണ് ഒടിടിയിൽ സ്ട്രീമിംഗ് നടത്താറുള്ളത്. എന്നാൽ മലയാള സിനിമയിൽ ആദ്യമായി ഒടിടിയിൽ റിലീസ് ചെയ്തൊരു ചിത്രം തിയറ്ററിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. മോഹൻലാൽ നായകനായി എത്തിയ ദൃശ്യം 2 ആണ് ഈ ചരിത്രത്തിന് പിന്നിൽ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. മോഹൻലാൽ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം മെയ് 21നും തിയറ്ററുകളിൽ എത്തും.
2021 ഫെബ്രുവരി 19ന് ആയിരുന്നു ദൃശ്യം 2 ഒടിടിയിൽ റിലീസ് ചെയ്തത്. ആമസോൺ പ്രൈമിന് ആയിരുന്നു സ്ട്രീമിംഗ് അവകാശം. മലയാള സിനിമയെയും പ്രേക്ഷകരെയും സംബന്ധിച്ച് സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു 'ദൃശ്യം 2'ന്‍റെ ഒടിടി റിലീസ് പ്രഖ്യാപനം. 2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തിയ ദൃശ്യം 2 കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തിയിരുന്നു. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരായിരുന്നു അവരില്‍ പ്രധാനികള്‍.