'ദൃശ്യം 3' ഒടിടി റിലീസ് പ്രഖ്യാപിച്ചു

 

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനംചെയ്ത 'ദൃശ്യം 3' ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂൺ 18-ന് ഒടിടിയിലെത്തും. ആമസോൺ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്. മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും. മോഹൻലാലിന്റെ പിറന്നാൾ ദിനമായ മേയ് 21-നായിരുന്നു 'ദൃശ്യം 3' തിയേറ്ററിൽ റിലീസ് ചെയ്തത്. നാലാം ആഴ്ച പിന്നിടുമ്പോഴാണ് ഒടിടിയിലെത്തുന്നത്. തിയേറ്റർ കളക്ഷന് പുറമേ, ഒടിടി- സാറ്റ്‌ലൈറ്റ് ബിസിനസ് ഉൾപ്പെടെ ചിത്രം 300 കോടി നേടിയിരുന്നു. റിലീസ് ചെയ്ത് 58 മണിക്കൂർ കൊണ്ടാണ് ചിത്രം 100 കോടി കളക്ഷൻ പിന്നിട്ടത്. ഏഴുദിവസംകൊണ്ട് 200 കോടി ക്ലബ്ബിലും ചിത്രം കയറി.

2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ പിന്നെ പ്രേക്ഷകർ കണ്ടത് എട്ടുവർഷങ്ങൾക്കുശേഷം 2021-ലാണ്. കോവിഡ് കാലത്ത് ഒടിടി റിലീസായാണ് ദൃശ്യം 2 പ്രേക്ഷകർക്ക് മുന്നിലെത്തിയത്. റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകർ ഇരുകൈയും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്.

ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, സിദ്ധിഖ്, മുരളി ഗോപി, എസ്തർ അനിൽ, അൻസിബ തുടങ്ങിയവർ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു. പെൻസ്റ്റുഡിയോസും പനോരമ സ്റ്റുഡിയോസും ചേർന്ന് അവതരിപ്പിച്ച ചിത്രം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചത്.