ദുൽഖർ സൽമാന്റെ ആക്ഷൻ വെടിക്കെട്ട്; 'ഐ ആം ഗെയിം' ട്രെയിലർ പുറത്തിറങ്ങി
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിമി'ന്റെ ട്രെയ്ലർ പുറത്തുവന്നു. ആർ.ഡി.എക്സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഓണം റിലീസായി ആഗസ്റ്റ് 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമിക്കുന്ന ചിത്രം, ദുൽഖറിന്റെ കരിയറിലെ 40-ാമത്തെ സിനിമയും ഏറ്റവും വലിയ പ്രൊജക്റ്റുമാണ്.
മുൻപെങ്ങും കാണാത്ത വിധം അതീവ സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. തെന്നിന്ത്യയിലുടനീളമുള്ള നൂറിലധികം കേന്ദ്രങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ പാൻ-ഇന്ത്യൻ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ലഭ്യമാകും. ആന്റണി വർഗീസ്, മിഷ്കിൻ, കയാദു ലോഹർ, കതിർ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയും ആക്ഷൻ രംഗങ്ങൾ അൻപറിവുമാണ് ഒരുക്കിയിരിക്കുന്നത്.