ദുൽഖർ സൽമാൻ ചിത്രം 'ആകാശംലോ ഒക താര' നവംബർ 20-ന് റിലീസ് ചെയ്യും

 

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര' നവംബർ 20-ന് ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമിക്കുന്ന ചിത്രം ഗീത ആർട്‌സ്, സ്വപ്‌ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ എന്നിവർ സംയുക്തമായാണ് അവതരിപ്പിക്കുന്നത്.

പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. ശ്രുതി ഹാസൻ മറ്റൊരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ്കുമാർ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ 'കുട്ടി കുട്ടി പൂവേ' എന്ന ഗാനം നേരത്തെ ശ്രദ്ധ നേടിയിരുന്നു.

'മഹാനടി', 'സീതാ രാമം', 'ലക്കി ഭാസ്‌കർ' എന്നീ ചിത്രങ്ങൾക്ക് ശേഷം തെലുങ്കിൽ ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണിത്. സുജിത് സാരംഗ് ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.