ജി. മാർത്താണ്ഡന്റെ 'ഓട്ടം തുള്ളൽ' സെപ്റ്റംബർ 18ന് തിയറ്ററുകളിൽ
സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ ചിത്രം 'ഓട്ടം തുള്ളൽ' സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തും. 'ഒരു തനി നാടൻ തുള്ളൽ' എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റർടെയ്നര്‍ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.
'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്', 'അച്ഛാ ദിൻ', 'പാവാട', 'ജോണി ജോണി യെസ് അപ്പ', 'മഹാറാണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് 'ഓട്ടം തുള്ളൽ'.ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന ചിത്രം ആധ്യ സജിത്താണ് അവതരിപ്പിക്കുന്നത്. ബിനു ശശിറാമാണ് തിരക്കഥ ഒരുക്കുന്നത്. വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു., കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രദീപ് നായരാണ് ഛായാഗ്രഹണം. രാഹുൽ രാജ് സംഗീതം ഒരുക്കുന്നു. ജോൺകുട്ടിയാണ് എഡിറ്റർ. സുജിത് രാഘവ് കലാസംവിധാനവും അമൽ സി. ചന്ദ്രൻ മേക്കപ്പും നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ എന്നിവരാണ് ഗാനരചയിതാക്കൾ.