അന്ന് കുറേ ഗ്ലാമറസ് വേഷങ്ങൾ ചെയ്തു, അഭിനയിക്കേണ്ടത് എങ്ങനെയാണെന്ന് പഠിച്ചത് മലയാളത്തിൽ വന്നപ്പോൾ; ഗീത

 

മലയാളിയല്ലെങ്കിലും മലയാളത്തനിമയോടെ നിരവധി കഥാപാത്രങ്ങൾ ചെയ്ത നടിയാണ് ഗീത. പഞ്ചാഗ്‌നി ഉൾപ്പെടെ മലയാളികൾ ഇന്നും ഓർത്തുവെക്കുന്ന നിരവധി കഥാപാത്രങ്ങളാണ് നടി ചെയ്തത്. എന്നാൽ ഗീത ഒരു കാലത്ത് തമിഴിലും തെലുങ്കിലും സജാവമായിരുന്നെങ്കിലും ഗ്ലമാറസ് റോളുകളാണ് കൂടുതലും ചെയ്തിരുന്നത്.

എന്നാൽ അതിൽ നിന്നും മാറി തനിക്ക് നല്ല കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിൽ വന്നതിന് ശേഷമാണെന്നും ഗീത പറയുന്നു. വർഷങ്ങൾക്ക് മുമ്പ് അമൃത ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. തനിക്ക് ഒരു അവാർഡ് പോലും ലഭിക്കാത്തതിൽ ഇന്നും സങ്കടമുണ്ടെന്നും ഗീത പറയുന്ന വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

'എനിക്ക് അഭിനയിക്കാൻ കഴിയും എന്ന് കരുതിയിട്ടൊന്നുമല്ല സിനിമയിൽ അഭിനയിക്കാനെത്തിയത്. ആദ്യമൊക്കെ കന്നട തെലുഗു തമിഴ് സിനിമകളിലാണ് അഭിനയിച്ചത്. അവിടെ ഞാൻ ചെയ്തതെല്ലാം ഗ്ലാമർ റോളുകളായിരുന്നു. കുറേ മുമ്പ് ബാലചന്ദർ സാറിന്റെ ഇരു കോഡുകൾ എന്ന സിനിമയുണ്ടായിരുന്നു. അതിലെ കന്നഡ പതിപ്പിൽ നടി ജയന്തി ചെയ്ത റോൾ ഞാനാണ് ചെയ്തത്,' ഗീത പറയുന്നു.

അതൊരു കുടുംബ പശ്ചാത്തലത്തിലുള്ള സിനിമയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയായി ചെയ്യണമായിരുന്നു. അത് എംടി സാർ കണ്ടിട്ടാണ് പഞ്ചാഗ്‌നിയിൽ ഗീതയെ കാസ്റ്റ് ചെയ്താൽ നന്നായിരിക്കും എന്ന് പറയുന്നത്. അങ്ങനെയാണ് ഹരിഹരൻ സാർ വിളിക്കുന്നത്. അന്ന് ഭാഷ വലിയ പ്രശ്നമായിരുന്നു. അത് പറഞ്ഞപ്പോൾ എന്നെ ട്രെയിൻ ചെയ്യിക്കാമെന്നും എനിക്ക് എപ്പോൾ ഓക്കെയാണോ അപ്പോൾ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് പഞ്ചാഗ്‌നിയിലേക്ക് എത്തുന്നതെന്നും ഗീത പറഞ്ഞു.

ആ സിനിമ ചെയ്ത് അതിന്റെ ഫസ്റ്റ് കോപി കണ്ട സമയത്താണ് ഞാനും ഒരു നടിയാണ്. ഞാൻ ഇത്രയും നാൾ ഒരു സ്റ്റാർ ആയിരുന്നു. ഇപ്പോഴാണ് ഒരു നടിയായത് എന്ന് തനിക്ക് തോന്നിയെന്നും ഗീത പറഞ്ഞു. അഭിനയിക്കേണ്ടത് എങ്ങനെയാണെന്ന് താൻ പഠിച്ചത് മലയാളത്തിൽ വന്നപ്പോഴാണെന്നും ഗീത പറഞ്ഞു. ഇങ്ങനെ സിനിമ ഇൻഡസ്ട്രിയെക്കുറിച്ച് പഠിച്ച് വരുന്നതിന് തന്നെ എനിക്ക് ഒരു ആറ് വർഷം എടുത്തു.

1997ലാണ് വിവാഹിതയാകുന്നത്. പക്ഷെ സിനിമ ചെയ്യില്ലാ എന്ന് ഞാൻ പറഞ്ഞിരുന്നില്ല. പക്ഷെ നല്ല റോളാണെങ്കിൽ ചെയ്യും എന്ന് തന്നെയാണ് പറഞ്ഞത്. ഭർത്താവും പറഞ്ഞത് തന്നെയാണ്. നിന്റെ പ്രൊഫഷനാണ്. നിനക്ക് ചെയ്യണം എന്ന് തോന്നുന്നുണ്ടെങ്കിൽ ചെയ്യാം എന്ന് എന്നാണ് ഭർത്താവ് പറഞ്ഞതെന്നും ഗീത പറഞ്ഞു.

പക്ഷെ ഡെലിവറി ടൈം ഒക്കെയായപ്പോൾ രണ്ട് വർഷത്തെ ബ്രേക്ക് എടുത്തു. അതൊക്കെ കഴിഞ്ഞാണ് ബാലചന്ദ്ര മേനോന്റെ മേലേ വാര്യത്തെ മാലാഖ കുട്ടികൾ എന്ന ചിത്രം ചെയ്തത്. മലയാളം അറിയാത്ത കാലത്ത് ഡയലോഗുകൾ എഴുതി വെച്ച് പഠിച്ചായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെ വേണ്ട. അത്യാവശ്യം ഫ്ളുവൻസിയുണ്ട്. മലയാളത്തിൽ ഗീത നല്ല നടിയാണെന്ന് പറയുമെങ്കിലും ഒരു അവാർഡും ഇതുവരെ കിട്ടിയിട്ടില്ല. അത് തനിക്ക് വലിയ സങ്കടമുള്ള കാര്യമാണ്.

പഞ്ചാഗ്‌നി വന്നപ്പോൾ നിനക്കാണ് നാഷണൽ ആവാർഡും സ്റ്റേറ്റ് അവാർഡുമൊക്കെ ലഭിക്കാൻ പോകുന്നതെന്ന് പറഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. ഒരു മലയാളി എന്ന ചിന്ത പോലെ തന്നെ തനിക്ക് നല്ല കഥാപാത്രങ്ങൾ തരുന്നുണ്ട്. അത് തന്നെ വലിയ കാര്യമായാണ് കാണുന്നതെന്നും ഗീത പറഞ്ഞു. മലയാളത്തിൽ തന്നെ ഇപ്പോഴും നല്ല നടിയായി തന്നെയാണ് തന്നെ കാണുന്നതെന്നും ഗീത പറയുന്നു.