‘ജെന്റിൽമാൻ' വീണ്ടും തിയേറ്ററുകളിലേക്ക്; റീ-റിലീസ് തീയതി പ്രഖ്യാപിച്ച് കെ.ടി. കുഞ്ഞുമോൻ

 

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റുകളിലൊന്നായ ‘ജെന്റിൽമാൻ’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. വരുന്ന ഡിസംബർ 11-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റീ-റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ അകമ്പടിയോടെയുള്ള പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.

സംവിധായകൻ എസ്. ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമായി 1993-ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘ജെന്റിൽമാൻ’. 'ആക്ഷൻ കിംഗ്' അർജുൻ നായകനായ ചിത്രം ബോക്സ് ഓഫീസിൽ വൻ ചരിത്ര വിജയമാണ് നേടിയത്. എ.ആർ. റഹ്മാൻ ഈണം പകർന്ന ഗാനങ്ങളും തോട്ടാ ധരണിയുടെ കലാസംവിധാനവും പ്രഭുദേവ-ഗൗതമി കോംബോയിൽ ഹിറ്റായ 'ചിക്കു പുക്ക് റെയിലെ' എന്ന പാട്ടും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. മധുബാല, വിനീത്, എം.എൻ. നമ്പ്യാർ, രാജൻ പി. ദേവ്, സെന്തിൽ, ഗൗണ്ടമണി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

4K അൾട്രാ എച്ച്.ഡി (4K Ultra HD) ദൃശ്യാനുഭവത്തിലും 7.1 സറൗണ്ട് സൗണ്ട് (7.1 Surround Sound) ശബ്ദമികവോടെയുമാണ് ചിത്രം പുനരവതരിപ്പിക്കുന്നത്. ഗ്രേസ് ഫിലിം മീഡിയയുടെ ബാനറിൽ അനിൽ കുമാറാണ് വിതരണം നിർവഹിക്കുന്നത്. 90-കളിലെ തമിഴ് സിനിമയുടെ സുവർണ്ണകാല ഓർമ്മകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടുമെത്തിക്കാനൊരുങ്ങുകയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം.