'ആലോചിച്ചെടുത്ത തീരുമാനം, 11 വർഷത്തെ വിവാഹജീവിതത്തിന് വിരാമം'; ജി.വി പ്രകാശ് കുമാറും സൈന്ധവിയും വേർപിരിയുന്നു

 

തമിഴ് നടനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേർപിരിയുന്നു. ഒരുമിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും 11 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'നീണ്ട ആലോചനയ്ക്കുശേഷം 11 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാൻ ഞാനും ജി.വി പ്രകാശം ചേർന്ന് തീരുമാനമെടുത്തിരിക്കുന്നു. പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ട്, ഞങ്ങൾ രണ്ടു പേരുടേയും മനഃസമാധാനവും ഉന്നമനവും ലക്ഷ്യമാക്കിയെടുത്ത തീരുമാനമാണിത്. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങൾ അപേക്ഷിക്കുന്നു. വേർപിരിയുകയാണെന്ന് തിരിച്ചറിയുമ്പോൾതന്നെ ഇത് ഞങ്ങൾക്ക് പരസ്പരം എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്നും മനസിലാക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് നിങ്ങൾ നൽകിയ പിന്തുണ ഏറെ വലുതാണ്.' സൈന്ധവി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതേ കുറിപ്പ് ജി.വി പ്രകാശും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടിക്കാലം മുതൽ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും 2013-ൽ വിവാഹിതരായി. 2020-ൽ ഇരുവർക്കും കുഞ്ഞ് പിറന്നു. അൻവി എന്നാണ് മകളുടെ പേര്.