രാം ചരണിന് കൈ കൊടുത്ത് ഹാഷിര്‍; വൈറലായി ചിത്രങ്ങള്‍

 
മലയാളം ബോക്‌സ് ഓഫീസില്‍ പുതുചരിത്രമായി മാറിയിരിക്കുകയാണ് വാഴ 2. സോഷ്യല്‍ മീഡിയ താരങ്ങളെ വച്ചൊരുക്കിയ സിനിമ വന്‍ വിജയമായി മാറിയിരിക്കുകയാണ്. ഏപ്രില്‍ രണ്ടിന് തിയേറ്ററിലെത്തിയ ചിത്രം 200 കോടി ക്ലബ്ബിലെത്തുകയും മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ചിത്രമിപ്പോള്‍.മലയാളത്തില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ വാഴ 2 തെലുങ്കിലേക്കുമെത്തുകയാണ്. ഇതിന്റെ ഭാഗമായി വാഴ 2 ടീം കഴിഞ്ഞ ദിവസം ഹൈദരബാദിലെത്തിയിരുന്നു. വലിയ പരിപാടിയിലൂടെയാണ് വാഴ 2വിന്റെ തെലുങ്ക് ട്രെയിലര്‍ ലോഞ്ച് ചെയ്തതും. ഇതിനിടെ തെലുങ്ക് സൂപ്പര്‍ താരം രാം ചരണിനൊപ്പമുള്ള വാഴ 2 ടീമിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.പോയി പോയി ഇതെവിടെ വരെ എത്തിയെന്നാണ് ഹാഷിറിനോടും സംഘത്തോടും സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. രണ്ട് മാസം മുമ്പ് വരെ റീല്‍ കണ്ടിരുന്ന പിള്ളേരുടെ റേഞ്ച് മാറിയ മാറ്റം കണ്ട് വണ്ടറടിച്ചിരിക്കുകയാണ് മലയാളികള്‍. രാം ചരണിനെ കാണാനെത്തിയവരില്‍ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍, ദേവരാജ്, എയ്ഞ്ചല്‍ മരിയ എന്നിവരും സംവിധായകന്‍ സവിന്‍ സായും നിര്‍മാതാവും തിരക്കഥാകൃത്തുമായ വിപിന്‍ ദാസും മറ്റ് അണിയറ പ്രവര്‍ത്തകരുമുണ്ട്.