ഹിറ്റ് നാൽവർസംഘം വീണ്ടും; 'പാതിരാ കുറുക്കൻ' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവർ ഒന്നിക്കുന്ന 'പാതിരാ കുറുക്കൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. 16 വർഷങ്ങൾക്ക് ശേഷമാണ് ഈ എവർഗ്രീൻ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.
നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രം അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് ആണ് നിർമ്മിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുവരുന്ന നാലുപേർ അപ്രതീക്ഷിതമായി ഒരു പ്രതിസന്ധിയിൽ പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കോമഡി പശ്ചാത്തലത്തിൽ ചിത്രം സംസാരിക്കുന്നത്. സെപ്തംബറിൽ സിനിമ തിയേറ്ററുകളിലെത്തും.
ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമകല, സുധീർ പറവൂർ, ടെസ്സ ജോസഫ് തുടങ്ങിയവർക്കൊപ്പം സോഷ്യൽ മീഡിയ താരങ്ങളായ അശ്വിത-അശ്വിജ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുനിൽ കർമ്മയുടെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം നൽകുന്നത്.