'അമ്മ'യിൽ വൻ രാഷ്ട്രീയ അജൻഡയും വർഗീയ ധ്രുവീകരണ ശ്രമവും; ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി മാലാ പാർവതിയും സംഘവും
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ (AMMA) വൻ രാഷ്ട്രീയ അജൻഡയും വർഗീയ ധ്രുവീകരണ ശ്രമങ്ങളും നടക്കുന്നതായി നടിമാരായ മാലാ പാർവതി, അൻസിബ ഹസൻ, ഉഷ ഹസീന, മായ വിശ്വനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രസിഡന്റ് ശ്വേത മേനോന്റെ നേതൃത്വത്തിൽ സംഘടനയിൽ അട്ടിമറി ശ്രമങ്ങളാണ് നടക്കുന്നതെന്നും, നടി അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമാക്കി ഒതുക്കാൻ ശ്രമം നടന്നതായും മാലാ പാർവതി തുറന്നടിച്ചു. ശ്വേത മേനോനും നടൻ രമേശ് പിഷാരടിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് അതിന് അക്കമിട്ട് മറുപടിയുമായി നടിമാർ രംഗത്തെത്തിയത്.
അദാനി ഗ്രൂപ്പിൽ നിന്ന് 'അമ്മ' സംഘടനയ്ക്ക് 15 കോടി രൂപ സംഭാവനയായി ലഭിക്കുമെന്ന് ബിജെപി നേതാവ് പദ്മജ മേനോൻ പറയുന്ന ഒരു അഭിമുഖത്തിന്റെ വീഡിയോ വാർത്താസമ്മേളനത്തിൽ മാലാ പാർവതി പ്രദർശിപ്പിച്ചു. ഒരു മൾട്ടി നാഷണൽ കമ്പനിയുടെയും 15 കോടി രൂപ തങ്ങൾക്ക് ആവശ്യമില്ലെന്ന് വ്യക്തമാക്കിയ മാലാ പാർവതി, ഒരു രാഷ്ട്രീയ നേതാവ് സംഘടനയിലേക്ക് പണം കൊണ്ടുവരുമെന്ന് പറയുന്നതിന് പിന്നിൽ കൃത്യമായ അജൻഡകളുണ്ടെന്ന് ആരോപിച്ചു. ഇത്തരം അജൻഡകളെ ചോദ്യം ചെയ്തതിനാണ് അൻസിബയെ മതം മാറ്റാൻ ശ്രമിക്കുന്ന ആളായി ചിത്രീകരിച്ച് വേട്ടയാടാൻ നോക്കിയതെന്നും, സിനിമയിൽ ഇല്ലാതാക്കുമെന്ന് ശ്വേത തന്നോട് ഭീഷണിപ്പെടുത്തിയതായും മാലാ പാർവതി വെളിപ്പെടുത്തി. സിനിമാ സംഘടനകളെ പിടിച്ച് നാടിനെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളെ മുളയിലേ നുള്ളാനാണ് തങ്ങൾ ശ്രമിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി താഴെവീണത് വലിയ സാമ്പത്തിക ക്രമക്കേടുകൾ മൂലമാണെന്ന് അൻസിബ ഹസൻ അവകാശപ്പെട്ടു. ജനറൽ ബോഡിയിൽ കാണിച്ച കണക്കുകളും ബാബുരാജിന് അയച്ച കണക്കുകളും വ്യത്യസ്തമായിരുന്നുവെന്ന് ഉഷ ഹസീനയും ചൂണ്ടിക്കാട്ടി. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റിയാണ് സഞ്ജീവനി പദ്ധതി ഉൾപ്പെടെയുള്ള നല്ല കാര്യങ്ങൾ നടപ്പാക്കിയതെന്നും, സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്നവരെ എങ്ങനെയൊണ് ഭരണത്തിൽ തുടരാൻ അനുവദിക്കുകയെന്നും അൻസിബ ചോദിച്ചു. ജനറൽ ബോഡിയിൽ ജനാധിപത്യപരമായി സംസാരിക്കാൻ പോലും ശ്വേത അനുവദിച്ചില്ലെന്നും, തങ്ങൾക്ക് അനുകൂലമായവരെ മാത്രമാണ് സംസാരിപ്പിച്ചതെന്നും നടിമാർ കുറ്റപ്പെടുത്തി.