'ലിബിനെ കാണുന്നത് മാർച്ചിൽ; കാണും മുമ്പേ പരസ്പരം മനസ്സിലാക്കി: വിവാഹ വിശേഷങ്ങളുമായി റിമി ടോമി

 

വിവാഹത്തിനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് പ്രമുഖ ഗായികയും അവതാരകയുമായ റിമി ടോമി. വിവാഹത്തിന് മുന്നോടിയായി മുംബൈയിലെ തന്റെ പുതിയ വീട് പരിചയപ്പെടുത്തുന്ന പുതിയ വ്‌ളോഗിലാണ് റിമി വിവാഹ വിശേഷങ്ങളും വരൻ ലിബിൻ മാത്യുവിനെക്കുറിച്ചും തുറന്നുപറഞ്ഞത്. മുംബൈ മലയാളിയും ജിം ട്രെയ്‌നറുമാണ് ലിബിൻ മാത്യു. വിവാഹശേഷം മുംബൈ ബാന്ദ്രയിൽ സ്ഥിരതാമസമാക്കാനാണ് റിമിയുടെ തീരുമാനം.

''പെണ്ണിന്റെ വീട്ടീന്ന് ഞങ്ങൾ ആകെ പത്ത് പേരേയുള്ളൂ. ബാക്കിയുള്ളവരെല്ലാം പള്ളിയിൽ നിന്നാണ്. അനിയത്തി അന്ധേരിയിലായിരുന്ന സമയത്ത് ഞാനും മമ്മിയും ഇടയ്ക്ക് വന്ന് കൂടെ നിന്നാണ് ബോംബെയോട് ഇഷ്ടം തോന്നുന്നത്. അങ്ങനെയാണ് ബാന്ദ്ര വെസ്റ്റിൽ ഒരു വീട് വാങ്ങിച്ചത്. ഇനിയങ്ങോട്ടുള്ള ഭാവി ജീവിതത്തിൽ ഞങ്ങൾ ഒന്നിച്ച് അവിടെയായിരിക്കും''- റിമി വീഡിയോയിൽ പറയുന്നു. പല ട്രെയ്‌നർമാരെയും മാറിമാറി കണ്ട് ഒടുവിൽ മാർച്ചിലാണ് ലിബിനെ കാണുന്നതെന്ന് റിമി പറഞ്ഞു. അതോടെ ബോംബെ വരവും കൂടി. നേരിട്ട് കാണുന്നതിന് മുൻപ് തന്നെ സംസാരത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കിയവരാണ് ഞങ്ങളെന്നും താരം വ്യക്തമാക്കി. ആദ്യം മുതലേ മമ്മിയോട് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. ഏതൊരു അമ്മയ്ക്കുമുള്ളത് പോലെ പരിചയക്കുറവ് കാരണം മമ്മിക്ക് ചെറിയ ടെൻഷൻ ഉണ്ടായിരുന്നെങ്കിലും എന്റെ കല്യാണം പെട്ടെന്ന് നടത്തണമെന്ന് മമ്മിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നതായും റിമി കൂട്ടിച്ചേർത്തു.

ലിബിന്റെ നാടായ ഡോംബിവില്ലിയിൽ വെച്ചാണ് വിവാഹം നടക്കുക. അവിടെയാണ് ലിബിൻ ജനിച്ച് വളർന്നത്. വീട്ടിൽ പോലും ഹിന്ദിയാണ് സംസാരിക്കുന്നതെന്നും തന്നെ പരിചയപ്പെട്ട ശേഷമാണ് ലിബിൻ മലയാളം സംസാരിച്ചു തുടങ്ങിയതെന്നും റിമി പറഞ്ഞു. ഡോംബിവില്ലിയിൽ നിന്ന് ബാന്ദ്രയിലേക്ക് രണ്ട് മണിക്കൂറോളം യാത്രയുള്ളതിനാൽ ജോലിയുടെ സൗകര്യാർത്ഥം പിന്നീട് ബാന്ദ്രയിലായിരിക്കും സെറ്റിലാവുക. കരിയർ തുടങ്ങിയത് മുതൽ നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെന്നും ആ പ്രതിസന്ധികളെയൊക്കെ തരണം ചെയ്യാൻ തനിക്ക് ധൈര്യം നൽകിയത് കുടുംബമാണെന്നും റിമി വ്യക്തമാക്കി. എയർപോർട്ടിൽ വെച്ചുപോലും ആരാധകരും ജീവനക്കാരും സ്നേഹത്തോടെ അനുഗ്രഹങ്ങളും ആശംസകളും അറിയിച്ചെന്നും താൻ ഏറെ ഭാഗ്യവതിയാണെന്നും റിമി സന്തോഷത്തോടെ പറഞ്ഞു.