അന്ന് സിനിമയേ വേണ്ടെന്ന് അപ്പനോട് പറഞ്ഞു, പക്ഷെ ഞാൻ തന്നെ സിനിമയിലേക്ക് വന്നു: കുഞ്ചാക്കോ ബോബൻ
Sep 19, 2023, 16:49 IST
സിനിമയേ വേണ്ടെന്ന് ഒരിക്കൽ അപ്പനോട് പറഞ്ഞിട്ടുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ. തന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ സിനിമ മൂലം ഉണ്ടായതാണെന്ന ഒരു തോന്നൽ കുട്ടിക്കാലത്ത് ഉണ്ടായിരുന്നു. അത് കാരണം ഉദയ പിക്ചേഴ്സും, സിനിമയും ഇനി വേണ്ടെന്നും, അതിന്റെ ആവശ്യമില്ലെന്നും പറഞ്ഞിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ആ സമയത്ത് സിനിമയോടുള്ള വൈരാഗ്യം കാരണം ഉദയ ഇനി വേണ്ട, എല്ലാം കള, ഇനി അതിന്റെ ആവശ്യമേ ഇല്ല, സിനിമയേ വേണ്ട എന്ന് അപ്പനോട് പറഞ്ഞു. പക്ഷേ സിനിമയിലേക്ക് തന്നെ ഞാൻ വന്നു. മാറിനിന്നിട്ടും ആഗ്രഹത്തിന്റെ പുറത്ത് വീണ്ടും സിനിമയിലേക്ക് വന്നു, പ്രൊഡ്യൂസറായി, ഉദയ ബാനർ റിവൈവ് ചെയ്തു, ഉദയ പിക്ചേഴ്സിനൊപ്പം കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ് എന്നൊരു ബാനറും കൂടി തുടങ്ങി."
"ഒരേ സമയം രണ്ട് സിനിമകളുടെ പ്രൊഡക്ഷനും കാര്യങ്ങളും ചെയ്യുന്നു. പിന്നേയും സിനിമകൾ സംഭവിക്കുന്നു. കുട്ടിക്കാലത്ത് ഒരു അറിവില്ലായ്മയുടേയും എടുത്തുചാട്ടത്തിന്റേയും പുറത്തായിരിക്കാം അന്ന് അപ്പനോട് അങ്ങനെ പറഞ്ഞത്. പക്ഷേ സിനിമ എത്രത്തോളം എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും, അവിഭാജ്യ ഘടകമാണെന്നും, രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ടെന്നും ഇപ്പോൾ തിരിച്ചറിയുന്നുണ്ട്"- താരം വ്യക്തമാക്കി.
"ഉദയ തിരിച്ചുകൊണ്ടുവരുന്നത് ഒരു ഭാരമായിരുന്നില്ല. എന്നാൽ നല്ല സിനിമകൾ തെരഞ്ഞെടുക്കുക എന്നത് ഒരു ഉത്തരവാദിത്തമായിരുന്നു. അതുകൊണ്ടാണ് തിരിച്ചുവരവിൽ 'കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ' പോലെ ഒരു നല്ല കുട്ടികളുടെ സിനിമ ചെയ്തു തുടങ്ങിയത്. പിന്നീട് അറിയിപ്പിലും, ന്നാ താൻ കേസ് കൊടിലും കോ പ്രൊഡ്യൂസറാവാനുള്ള കാരണവും അങ്ങനെ നല്ല സിനിമകൾ ചെയ്യണമെന്നുള്ള ഉത്തരവാദിത്തബോധമാണ്"- കുഞ്ചാക്കോ ബോബൻ പറഞ്ഞു.