'276 ദിവസം ഞാൻ കാത്തിരുന്നു'; സൂര്യയ്ക്കൊപ്പം ഫാൻ ബോയ് നിമിഷം പങ്കുവെച്ച് ആന്റണി പെപ്പെ
തമിഴ് സൂപ്പർതാരം സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ പ്രിയനടൻ ആന്റണി വർഗീസ് പെപ്പെ. സൂര്യ നായകനാകുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെയാണ് താരം തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ താൻ 276 ദിവസമാണ് കാത്തിരുന്നതെന്ന് പെപ്പെ കുറിച്ചു. സിനിമയുടെ സെറ്റിൽ വെച്ചാണ് സൂര്യയെ നേരിട്ട് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു ഫാൻ ബോയ് നിമിഷം കൂടി ക്യാമറയിൽ പകർത്താനായതിൽ വലിയ സന്തോഷമുണ്ടെന്ന് ആന്റണി കുറിച്ചു. വിശ്വനാഥ് ആൻഡ് സൺസ് സെറ്റിൽ വെച്ച് കഠിനമായ ഒരു സംഘട്ടന രംഗം സൂര്യ തന്മയത്വത്തോടെ ചെയ്യുന്നത് നേരിട്ട് കാണാൻ സാധിച്ചുവെന്നും അദ്ദേഹവുമായി കുറച്ചുനേരം സംസാരിക്കാനും ഒരുമിച്ച് ഫ്രെയിമിലെത്താനും കഴിഞ്ഞത് ഭാഗ്യമാണെന്നും താരം വ്യക്തമാക്കി. സൂര്യയ്ക്കും സംവിധായകൻ വെങ്കി അറ്റ്‌ലൂരിക്കും മികച്ചൊരു വിജയം അദ്ദേഹം ആശംസിക്കുകയും ചെയ്തു.
നാൽപ്പതുകളിൽ നിൽക്കുന്ന സഞ്ജയ് വിശ്വനാഥ് എന്ന പ്രൊഫഷണൽ ഷൂട്ടറുടെ വേഷത്തിലാണ് പുതിയ ചിത്രത്തിൽ സൂര്യ എത്തുന്നത്. മമിത ബൈജു നായികയാകുന്ന ചിത്രം സിത്താര എന്റർടൈൻമെന്റ്‌സ്, ഫോർച്യൂൺ ഫോർ സിനിമാസ്, ശ്രീകര സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നാഗവംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം ജൂലൈയിൽ തിയേറ്ററുകളിലെത്തും. അതേസമയം, മലയാളത്തിൽ 'ഐ ആം ഗെയിം', 'കാട്ടാളൻ' തുടങ്ങി നിരവധി ചിത്രങ്ങളാണ് ആന്റണിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.