ഇന്ത്യയിലെ ഏറ്റവും വലിയ ഡോൾബി സിനിമ ഹൈദരാബാദിൽ; അല്ലു അർജുന്റെ തിയേറ്ററിൽ ആദ്യമെത്തുന്നത് 'ധുരന്ധർ 2'

 

തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്റെ ഉടമസ്ഥതയിലുള്ള അത്യാധുനിക മൾട്ടിപ്ലക്‌സ് 'അല്ലു സിനിമാസ്' മാർച്ച് 18 മുതൽ സിനിമാ പ്രേമികൾക്കായി തുറന്നുകൊടുക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും ഹൈദരാബാദിലെ ആദ്യത്തേതുമായ ഡോൾബി സിനിമ (Dolby Cinema) ഉൾപ്പെടുന്ന ഈ തിയേറ്ററിലെ ഉദ്ഘാടന ചിത്രം ബോളിവുഡ് ചിത്രം 'ധുരന്ധർ 2: ദി റിവഞ്ച്' ആണ്. ചിത്രത്തിന്റെ പെയ്ഡ് പ്രിവ്യൂ ഷോയാണ് ഇവിടെ ആദ്യമായി പ്രദർശിപ്പിക്കുക. നേരത്തെ മാർച്ച് 12-ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മൾട്ടിപ്ലക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു.

ഹൈദരാബാദിലെ കൊകാപേട്ടിലുള്ള അല്ലു സ്റ്റുഡിയോസ് കോംപ്ലക്‌സിലാണ് ഈ ബൃഹത്തായ തിയേറ്റർ സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡോൾബി സ്‌ക്രീനാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. ഏകദേശം 75 അടിയോളം വീതിയുള്ള ഈ സ്‌ക്രീൻ ലോകത്തെ തന്നെ രണ്ടാമത്തെ വലിയ ഡോൾബി സിനിമാ സ്‌ക്രീനായാണ് കണക്കാക്കപ്പെടുന്നത്. ഡോൾബി വിഷൻ 3ഡി പ്രൊജക്ഷൻ സാങ്കേതികവിദ്യയിലൂടെ അതീവ വ്യക്തതയുള്ള ദൃശ്യങ്ങളും ഡോൾബി അറ്റ്‌മോസ് (Dolby Atmos) സൗണ്ട് സിസ്റ്റത്തിലൂടെ ഇമ്മേഴ്‌സീവ് ശബ്ദാനുഭവവും പ്രേക്ഷകർക്ക് ലഭിക്കും.

അല്ലു അർജുന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ മൾട്ടിപ്ലക്‌സ് സംരംഭമാണിത്. ഹൈദരാബാദിലെ അമീർപേട്ടിൽ 'എഎഎ സിനിമാസ്' (AAA Cinemas) എന്ന പേരിൽ അദ്ദേഹത്തിന്റെ ആദ്യ തിയേറ്റർ 2023 മുതൽ പ്രവർത്തിക്കുന്നുണ്ട്. ഏഷ്യൻ സിനിമാസുമായി ചേർന്നുള്ള ഈ സംരംഭത്തിന് പുറമെയാണ് ഇപ്പോൾ അത്യാധുനിക സൗകര്യങ്ങളോടെ 'അല്ലു സിനിമാസ്' പ്രവർത്തനസജ്ജമായിരിക്കുന്നത്. സിനിമയെ വെറുമൊരു കാഴ്ചയ്ക്കപ്പുറം വലിയൊരു അനുഭവമാക്കി മാറ്റുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് പുതിയ മൾട്ടിപ്ലക്‌സിൽ ഒരുക്കിയിട്ടുള്ളതെന്ന് അല്ലു അർജുനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.