‘നങ്ങേലി റീബോൺ’ സംഗീത വിഡിയോയുമായി ‘ഇറ്റ്സ് വിധു പ്രതാപ്’ ബാൻഡ്; നങ്ങേലിയായി നിഖില വിമൽ
പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ശ്രദ്ധ നേടിയ ‘നങ്ങേലി’ എന്ന ഗാനത്തിന്റെ പുതിയ സംഗീതാവിഷ്കാരവുമായി ‘ഇറ്റ്സ് വിധു പ്രതാപ്’ മ്യൂസിക് ബാൻഡ് എത്തുന്നു. ബാൻഡിന്റെ ആദ്യ മ്യൂസിക് വിഡിയോ എന്ന പ്രത്യേകതയുള്ള ‘നങ്ങേലി റീബോൺ’ ഫോക്ക് റോക്ക് ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. മുൻപ് അക്കപ്പെല്ല ശൈലിയിൽ പുറത്തിറങ്ങിയ ഗാനത്തിൽ ദീപ്തി വിധുപ്രതാപ് ആയിരുന്നു നങ്ങേലിയായി എത്തിയതെങ്കിൽ, ഈ പുതിയ പതിപ്പിൽ നടി നിഖില വിമലാണ് നങ്ങേലിയായി പ്രത്യക്ഷപ്പെടുന്നത്.
പഴയ വിഡിയോയിൽ നിന്ന് വ്യത്യസ്തമായി ബാൻഡിലെ ഓരോ അംഗവും തങ്ങളുടെ സംഗീതോപകരണങ്ങളിലൂടെ ഗാനം അവതരിപ്പിക്കുന്ന നൂതന ദൃശ്യങ്ങളാണ് പുതിയ പതിപ്പിലുള്ളത്. ഫാന്റസി സ്വഭാവമുള്ള നങ്ങേലി റീബോർണിൽ നിഖില വിമലിന്റെ സാന്നിധ്യം ഗാനത്തിന് കൂടുതൽ മിഴിവേകുന്നു. സ്വപ്നതുല്യമായ ദൃശ്യഭംഗിയും സൗന്ദര്യാത്മകമായ അവതരണവുമാണ് വിഡിയോയുടെ പ്രധാന സവിശേഷത. ദീപ്തി വിധു പ്രതാപാണ് ഗാനത്തിന്റെ ആശയാവിഷ്കാരവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.
എസ്. രമേശൻ നായരുടെ വരികൾക്ക് മനു രമേശൻ സംഗീതം നൽകിയ ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിക്കുകയും സംഗീതം നൽകുകയും ചെയ്തത് ‘ഇറ്റ്സ് വിധു പ്രതാപ്’ ബാൻഡാണ്. വിധു പ്രതാപ് (ഗായകൻ), നിഹാൽ ആസാദ് (ഫ്ലൂട്ടിസ്റ്റ്), ജോസി ജോൺ (ബേസിസ്റ്റ്), അബിൻ സാഗർ (ഗിറ്റാറിസ്റ്റ്), നെഖീബ് ഷാ (ഡ്രമ്മർ), ശങ്കരൻ (കീബോർഡ്സ്), ഹരികൃഷ്ണൻ (പെർക്കഷനിസ്റ്റ്), ജൂബിൻ (ബേസിസ്റ്റ്), അമൽ രാജ് (ഡ്രമ്മർ) എന്നിവരാണ് ബാൻഡ് അംഗങ്ങൾ. ഫിനു ഫായിസ് ബാൻഡ് കോ-ഓർഡിനേഷനും മാനേജ്മെന്റും, വിപിൻ വി. നായർ ബാൻഡ് മാനേജ്മെന്റും നിർവഹിക്കുന്നു.
ശ്രീജേഷ് നായർ അറ്റ്മോസ് മിക്സും, ജാഫർ സാദിഖ് ഛായാഗ്രഹണവും, സായ് ശങ്കർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഷെറൂഖ് കൊറിയോഗ്രഫിയും, അലീന രാജു കോസ്റ്റ്യൂം സ്റ്റൈലിങ്ങും, ഗോവ ആർട്ട് ഡയറക്ഷനും, ട്വൽത്ത് ഒറിജിൻ വി.എഫ്.എക്സും കൈകാര്യം ചെയ്തു. മനു ഹസ്സൻ സംവിധാനം ചെയ്ത മ്യൂസിക് വിഡിയോ മാനിഷാദ ഇന്ത്യയാണ് നിർമ്മിച്ചത്.