‘ജനനായകൻ’ കേബിൾ ചാനലിലൂടെ പ്രദർശിപ്പിച്ചു; ഉടമ അറസ്റ്റിൽ
ദളപതി വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജനനായകൻ’ റിലീസിന് മുൻപേ കേബിൾ ചാനലിലൂടെ പ്രദർശിപ്പിച്ചു. ഏപ്രിൽ 11-ന് കോയമ്പത്തൂരിലെ ഒരു പ്രാദേശിക കേബിൾ ചാനലാണ് നിയമവിരുദ്ധമായി ചിത്രം സംപ്രേഷണം ചെയ്തത്. സംഭവത്തിൽ ചാനലുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഓൺലൈനിൽ ചിത്രം ചോർന്നതിന് പിന്നാലെ ടിവിയിലൂടെയും പ്രദർശിപ്പിച്ചത് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കരുമത്താംപട്ടി സ്വദേശിയും 'രാശി പ്രൈം മൂവി' എന്ന ചാനലിന്റെ ഉടമയുമായ എസ്. പളനിസാമി (44) ആണ് അറസ്റ്റിലായത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹികൾ നൽകിയ പരാതിയിലാണ് നടപടി. ചാനൽ ഓഫീസ് സീൽ ചെയ്ത പോലീസ്, കമ്പ്യൂട്ടറുകളും ഹാർഡ് ഡിസ്കുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചിത്രത്തിന്റെ എച്ച്ഡി (HD) പ്രിന്റ് നേരത്തെ ഇന്റർനെറ്റിൽ ചോർന്നിരുന്നു. ഇതേത്തുടർന്ന് സൈബർ ക്രൈം വിഭാഗം ആറ് പേരെ അറസ്റ്റ് ചെയ്യുകയും മുന്നൂറിലധികം പൈറസി ലിങ്കുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപുള്ള അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയുള്ള പ്രോജക്റ്റാണിത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു തുടങ്ങിയ വലിയ താരനിരയാണ് അണിനിരക്കുന്നത്.