'നിങ്ങൾക്കെല്ലാവർക്കും ബന്ധങ്ങൾ ഉണ്ടാകുന്നു, എന്നാൽ പ്രണയം ഉണ്ടാകുന്നില്ല': പുതിയ കാലത്തെ പ്രണയത്തെക്കുറിച്ച് ജയാ ബച്ചൻ

 

മകൻ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായും വേർപിരിയുകയാണെന്ന വാർത്തകൾക്കിടെ പ്രണയബന്ധങ്ങളെക്കുറിച്ച് ജയ ബച്ചൻ പറയുന്ന വീഡിയോ ശ്രദ്ധനേടുന്നു. ജയ ബച്ചനും മകൾ ശ്വേതാ ബച്ചനും ശ്വേതയുടെ മകൾ നവ്യ നവേലിയുടെ 'വാട് ദി ഹെൽ നവ്യ' എന്ന പരിപാടിയിൽ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

ആധുനിക കാലത്തെ പ്രണയബന്ധങ്ങളെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്. 'നിങ്ങൾക്കെല്ലാവർക്കും ബന്ധങ്ങൾ ഉണ്ടാകുന്നു, എന്നാൽ പ്രണയം ഉണ്ടാകുന്നില്ല' എന്നാണ് പുതിയ കാലത്തെ പ്രണയത്തെക്കുറിച്ച് ജയ ബച്ചൻ പറയുന്നത്. ഇന്നത്തെ കാലത്ത് പ്രണയബന്ധങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടെന്ന് ശ്വേത പറയുന്നു. ഇതിന് മറുപടിയായി തങ്ങളുടെ കാലത്തും അവസരങ്ങൾ അനവധി ഉണ്ടായിരുന്നുവെന്നാണ് ജയ ബച്ചൻ പ്രതികരിക്കുന്നത്.

'നമ്മുടെ കാലത്ത് ഒരേ നഗരത്തിലോ, സ്‌കൂളിലോ, രാജ്യത്തുനിന്നോ ആണ് കൂടുതൽപ്പേരും പ്രണയം കണ്ടെത്തുന്നത്. പക്ഷേ ഇന്ന് പ്രണയത്തിനായി ആളുകൾ അതിർത്തികൾവരെ കടന്നുപോകുന്നു. അതിനാൽതന്നെ നിങ്ങൾക്ക് അനവധി അവസരങ്ങൾ ഉണ്ട്. അതുകൊണ്ടാണ് ഇന്ന് ഇത്തരം ആപ്പുകൾ ജനപ്രീതി നേടുന്നതും' ശ്വേത ജയ ബച്ചൻ പറഞ്ഞു. പ്രണയത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചുമുള്ള ജയ ബച്ചന്റെ നിലപാടാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. ജയ ബച്ചന്റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

അഭിഷേകും ഐശ്വര്യ റായും വേർപിരിയുകയാണെന്ന തരത്തിൽ അടുത്തിടെയായി വാർത്തകൾ പ്രചരിക്കുകയാണ്. അനന്ദ് അംബാനിയുടെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്താത്തതാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞദിവസം മകൾ ആരാധ്യയുടെ ജന്മദിനാഘോഷത്തിൽ അഭിഷേക് പങ്കെടുക്കാത്തതും അഭ്യൂഹങ്ങൾ ശക്തമാക്കി.