ഭീകരവാദത്തെ ന്യായീകരിക്കുന്നു, രാജ്യസുരക്ഷയ്ക്ക് ഭീഷണി; 'സത്‌ലജ്' സിനിമയുടെ വിലക്ക് തുടരണമെന്ന് കേന്ദ്ര സമിതി

 

പ്രശസ്ത സിഖ് മനുഷ്യാവകാശ പ്രവർത്തകൻ ജസ്വന്ത് സിങ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'സത്‌ലജ്' എന്ന ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സമിതി (IDC) ശുപാർശ ചെയ്തു. ദേശീയ സുരക്ഷയെ മുൻനിർത്തി ചിത്രത്തിനുള്ള നിരോധനം നീക്കരുതെന്നാണ് ഇന്റർ-ഡിപ്പാർട്ട്‌മെന്റൽ കമ്മിറ്റിയുടെ കർശന നിർദ്ദേശം. ചിത്രം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഐ.ടി. ആക്ടിലെ 69-എ വകുപ്പ് പ്രകാരമുള്ള വിലക്ക് നിലനിൽക്കുമെന്നും സമിതി ചൂണ്ടിക്കാണിച്ചു.

ചിത്രം രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമാണെന്നും തീവ്രസ്വഭാവമുള്ള സംഘടനകളെ ന്യായീകരിക്കുന്നതാണെന്നും സമിതി നിരീക്ഷിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ കണ്ടെത്തി അടിയന്തരമായി നീക്കം ചെയ്യാൻ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സി-5നും (Zee5) നിർമ്മാതാക്കൾക്കും സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്.

സമിതിയുടെ പ്രധാന നിരീക്ഷണങ്ങൾ:

  • ഏകപക്ഷീയമായ അവതരണം: പഞ്ചാബിൽ മുൻകാലങ്ങളിൽ നടന്ന സംഭവങ്ങളെ ചിത്രം തികച്ചും ഏകപക്ഷീയമായാണ് അവതരിപ്പിക്കുന്നത്.
  • ഭരണകൂട വിരുദ്ധത: ഭീകരവാദത്തിനെതിരെ സുരക്ഷാസേനകൾ സ്വീകരിച്ച നിയമപരമായ നടപടികളെ ഭരണകൂടത്തിന്റെ അതിക്രമവും ക്രൂരതയുമായി ചിത്രീകരിക്കുന്നു.
  • വിഘടനവാദത്തിന് ആക്കം കൂട്ടും: ചിത്രത്തിലെ ചില രംഗങ്ങൾ വിഘടനവാദ പ്രചാരണങ്ങൾക്ക് ആക്കം കൂട്ടാൻ ഇടയാക്കുമെന്നും സമിതി വിലയിരുത്തി.

1984-94 കാലഘട്ടത്തിൽ തീവ്രവാദവിരുദ്ധ നീക്കങ്ങളുടെ മറവിൽ പഞ്ചാബിൽ നടന്ന പോലീസ് അതിക്രമങ്ങളെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊലപാതകവും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. ഹണി ടെഹ്‌റാൻ സംവിധാനം ചെയ്ത് ദിൽജിത് ദൊസാഞ്ജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ജൂലൈ മൂന്നിനാണ് ഒ.ടി.ടിയിൽ റിലീസ് ചെയ്തത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഐ.ടി. ആക്ട് പ്രകാരം കേന്ദ്ര മന്ത്രാലയം നിർദ്ദേശം നൽകിയതിനെ തുടർന്ന് രണ്ട് ദിവസത്തിനകം ചിത്രം പിൻവലിച്ചിരുന്നു. ശേഷമാണ് ചിത്രം ഐ.ഡി.സിയുടെ വിപുലമായ പരിശോധനയ്ക്ക് വിട്ടത്.

വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെ പ്രതിനിധികളും വിദഗ്ധരും അടങ്ങുന്ന സമിതിയാണ് ഡിജിറ്റൽ ഉള്ളടക്കങ്ങളിലെ ലംഘനങ്ങൾ പരിശോധിച്ച് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് നിലവിൽ ഈ ശുപാർശ കൈമാറിയിരിക്കുന്നത്.