വിജയ് മത്സരിക്കുന്നതിനെക്കുറിച്ച് കമൽ ഹാസൻ

 

നടൻ വിജയ് പെരമ്പൂരിൽ നിന്ന് ജനവിധി തേടുന്നതിനെക്കുറിച്ച് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ സഖ്യവുമായുള്ള സീറ്റ് വിഭജന ചർച്ചകൾ തുടരുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂരിൽ നിന്ന് മത്സരിക്കാൻ സാധ്യതയുള്ളതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകർ കമൽ ഹാസനോട് ചോദിച്ച ചോദ്യം. "ഞാൻ എന്തിന് അതൊക്കെ ശ്രദ്ധിക്കണം. എനിക്ക് വേറെ എന്തെല്ലാം ജോലികൾ ചെയ്യാനുണ്ട്".- കമൽ ഹാസൻ മാധ്യമങ്ങളോട് പറഞ്ഞു.

"തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഷൂട്ടിങ് ആരംഭിക്കൂ. എനിക്ക് രാഷ്ട്രീയപരമായ ജോലികളുണ്ട്, പിന്നെ സിനിമയിലും അഭിനയിക്കണം".- കമൽ ഹാസൻ കൂട്ടിച്ചേർത്തു. ഈ വരുന്ന ഏപ്രിൽ 23-നാണ് തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്. നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന 'KH x RK', അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കുന്ന ആക്ഷൻ ചിത്രം എന്നിവയാണ് ഇനി പുറത്തുവരാനുള്ള കമൽ ഹാസൻ ചിത്രങ്ങൾ.