'അന്ന് മോഹൻലാലിനെ വിട്ട് തരാൻ പറ്റില്ലെന്ന് പറഞ്ഞു, ഞാൻ ഭയന്നത് വാഴൂർ ജോസിനെ'; കമൽ 

 

ഒരിക്കൽ രഞ്ജിത്ത് കമലിന് വേണ്ടി ഒരു കഥയെഴുതി. മോഹൻലാലിനെ നായകനായി കണ്ട് നർമ്മവും പ്രണയവും കലർന്ന ശുദ്ധ ഗ്രാമീണ പശ്ചാത്തലത്തിലുള്ള രസകരമായ ഒരു കഥ. പേരുകേട്ട തറവാട്ടിലെ നാലങ്ങളമാർക്ക് ഒരു പെങ്ങൾ. അവരുടെ ബസ് അതിലെ കിളിയായ ചെറുപ്പക്കാരൻ ആ പെങ്ങളെ പ്രേമിക്കുന്നു. അതായിരുന്നു കഥയുടെ ത്രെഡ്. പെട്ടെന്നാണ് പ്രൈവറ്റ് ബസും മുതലാളിയും യാത്രക്കാരിയും പ്രധാന കഥാപാത്രങ്ങളായി ശ്രീനിവാസൻ ഒരു തിരക്കഥ റെഡിയാക്കിയ കാര്യം കമൽ അറിയുന്നത്.

ഉടനെ തന്നെ അദ്ദേഹം ബസ് എന്നതിനെ കോളേജും കിളി എന്നത് പ്യൂണുമാക്കി. അങ്ങനെയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രം പിറക്കുന്നത്. ബസിലെ കിളിയായി ജയറാമും പെങ്ങളൂട്ടിയായി പാർവതിയും അഭിനയിച്ചു. കമലും രഞ്ജിത്തും ഒന്നിക്കുന്ന മൂന്നാമത്തെ പടമായിരുന്നു ഇത്.

ഈ പടത്തിന്റെ ഏറ്റവും വലിയ ആകർഷണമായത് മോഹൻലാൽ സുപ്രധാന അതിഥിവേഷം ചെയ്തതാണ്. അതിനായി കമൽ ലാലിന്റെ അടുത്ത് ചെന്ന് സമ്മതം വാങ്ങുകയും അദ്ദേഹം കിരീടത്തിന്റെ തിരക്കുപിടിച്ച ഷെഡ്യൂളിനിടയിൽ വന്ന് അഭിനയിക്കുകയും ചെയ്തു. മോഹൻലാൽ ചെയ്ത അച്യുതക്കുറുപ്പ് എന്ന കഥാപാത്രം പടത്തിന്റെ വിജയത്തിന് കൂടുതൽ സഹായമായിയെന്ന് കമൽ പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ശ്രീനിവാസൻ അഭിനയിക്കേണ്ട വേഷമായിരുന്നു ഇതിലെ ജഗതി അഭിനയിച്ച കീലേരി പത്മനാഭൻ. തിരക്ക് മൂലം ശ്രീനിവാസൻ ജഗതിയുടെ പേര് നിർദേശിക്കുകയായിരുന്നു. ഫിലോമിന, ഇന്നസെന്റ്, കുതിരവട്ടം പപ്പു, ശങ്കരാടി, കെപിഎസി ലളിത, സിദ്ദീഖ്, ജഗദീഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, പറവൂർ ഭരതൻ എന്നിങ്ങനെ ഒരു സത്യൻ അന്തിക്കാട് ചിത്രത്തിലെ പോലെ എല്ലാ മികച്ച താരങ്ങളും ഇതിൽ അണിനിരന്നു.

ജയറാമിന് സ്റ്റാർ വാല്യൂ ഉണ്ടാക്കിയ ചിത്രങ്ങളിലൊന്നാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ. ഇപ്പോഴിതാ സിനിമയിൽ മോഹൻലാലിനെ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തടസങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കമൽ.

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് കമൽ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയെ കുറിച്ച് സംസാരിച്ചത്. 'ലാൽ പെരുവണ്ണാപുരത്തെ വിശേഷങ്ങളിൽ അഭിനയിക്കാൻ സമ്മതം മൂളിയെങ്കിലും കിരീടം സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനാൽ ലാലിന് വരാൻ പറ്റാത്ത സാഹചര്യമായിരുന്നു.'

'ആ സമയത്ത് സിനിമയുടെ നിർമാതാവായ കിരീടം ഉണ്ണിയോട് സംസാരിക്കാൻ ലാൽ പറഞ്ഞു. അങ്ങനെ ഞാൻ വിളിച്ചപ്പോൾ ആലോചിച്ചിട്ട് പറയാമെന്നാണ് കിരീടം ഉണ്ണി പറഞ്ഞത്. അരമണിക്കൂർ കഴിഞ്ഞ് ഞാൻ വീണ്ടും വിളിച്ചു. അപ്പോൾ ഉണ്ണി പറഞ്ഞത് ഒന്നുകിൽ ഞങ്ങൾ സഫർ ചെയ്യണം അല്ലെങ്കിൽ കമൽ സഫർ ചെയ്യണം എന്നാണ്.'

'കുറേനേരം ആലോചിച്ച ശേഷം ഉണ്ണി പറഞ്ഞത് കമൽ സഫർ ചെയ്യാനാണ്. അതുകൊണ്ട് തന്നെ അന്ന് ലാലിനെ ഷൂട്ടിനായി വിട്ടുകിട്ടിയില്ല. പിന്നെ ഞങ്ങൾ എല്ലാ ആർട്ടിസ്റ്റുകളുടെയും ഡേറ്റ് വാങ്ങി വീണ്ടും ഒരു ഷെഡ്യൂൾ വെച്ചു. അപ്പോഴാണ് ലാൽ അഭിനയിക്കാനായി വന്നത്. മൂന്ന് ദിവസത്തെ ഷൂട്ടായിരുന്നു. രണ്ടര ദിവസം കൊണ്ട് തീർത്തു. ലാൽ പെരുവണ്ണാപുരത്തെ വിശേഷങ്ങളിൽ ഗസ്റ്റ് റോൾ ചെയ്യുന്നുണ്ടെന്ന് ആരും അറിയരുതെന്ന് ഞങ്ങൾക്ക് നിർബന്ധമായിരുന്നു.'

'മാസികകളിലും പത്രത്തിലും ലാലുള്ള വിവരം റിലീസ് വരെ വരാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. അതിന്റെ ഭാഗമായി ഞങ്ങൾ ആദ്യം ചെയ്തത് പിആർഒ വാഴൂർ ജോസിന്റെ വാമൂടി കെട്ടുക എന്നതായിരുന്നു. അന്ന് വാഴൂർ ജോസിനെയാണ് ഞാൻ ഏറ്റവും കൂടുതൽ ഭയന്നത്. അതുകൊണ്ട് ജോസിനെ വിളിച്ച് ലാൽ അഭിനയിച്ച വിവരം പറഞ്ഞു.'

'മാത്രമല്ല ഇത് പുറത്താരും അറിയാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പറഞ്ഞു. ആ വാക്ക് ജോസ് പാലിച്ചു. ലാലിനെ സിനിമയിൽ കണ്ടപ്പോൾ ആളുകളെല്ലാം ആദ്യം ഒന്ന് സ്തംബ്ധരായി. ലാൽ ഡയലോഗ് പറഞ്ഞ് തുടങ്ങിയപ്പോഴാണ് പ്രേക്ഷകരും വിശ്വസിച്ചത്'.