'അതിൽ മോഹൻലാൽ കുറച്ച് ഓവറായതായി എനിക്ക് തോന്നി, ശ്രീനിയോടും ലാലിനോടും ഞാൻ അത് പറഞ്ഞു'; കമൽ

 

കണ്ടിരുന്നുപോവുന്ന ഒരു മോഹൻലാൽ കഥാപാത്രമാണ് സാഗർ കോട്ടപ്പുറം. ഇന്നും ആരാധകരുള്ള കഥാപാത്രവും സിനിമയും. സിനിമയിലുടനീളം ഈ കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്ന രീതിയും എനർജിയും തന്നെയാണ് കാരണം. മോഹൻലാൽ എന്ന നടനെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്ത അല്ലെങ്കിൽ ഉപയോഗിച്ച ഒരു കഥാപാത്രവുമാണ് സാഗർ. ഇപ്പോഴിതാ മോഹൻലാലിലെ അഭിനേതാവിനെ കുറിച്ച് കൈരളി ടിവി ജെബി ജംഗ്ഷനിൽ പങ്കെടുത്ത് സംസാരിക്കവെ കമൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

സാഗർ കോട്ടപ്പുറം എന്ന കഥപാത്രത്തെ ആദ്യ ദിവസം മോഹൻലാൽ അവതരിപ്പിച്ച് കണ്ടപ്പോൾ കുറച്ച് ഓവറായി തോന്നിയെന്നാണ് കമൽ പറഞ്ഞത്. അത് മോഹൻലാലിനോട് പറഞ്ഞപ്പോൾ കിട്ടിയ മറുപടിയും കമൽ വെളിപ്പെടുത്തി. 'അയാൾ കഥയെഴുതുകയാണ് എന്ന സിനിമക്കൊരു പ്രത്യേകതയുണ്ട്. സംവിധായകൻ സിദ്ദിഖിന്റെ കഥയാണ് അത്. ഒരു നാല് സെന്റൻസിലാണ് സിദ്ദിഖ് ഈ കഥ ആദ്യം എന്നോട് പറഞ്ഞത്.'

'സാഗർ കോട്ടപ്പുറം എന്ന പേരടക്കമാണ് പറയുന്നത്. സത്യത്തിൽ സിദ്ദിഖിന്റെ മുമ്പിൽ ഞാൻ കുറേനേരം ചിരിച്ചുപോയി. സാഗർ കോട്ടപ്പുറമെന്ന പേര് അപ്പോൾ തന്നെ ഞങ്ങളുടെ മനസിൽ സങ്കൽപിക്കപ്പെട്ടു എന്നതാണ് സത്യം. എന്റെ കൂടെ അന്ന് ശ്രീനിവാസനുമുണ്ടായിരുന്നു. പിന്നെ ശ്രീനിയുടെ ഒരു നർമബോധം... ഒരു കഥാപാത്രത്തെ ഏത് തലത്തിലേക്കും കൊണ്ട് പോകാനുള്ള ശ്രീനിയുടെ വൈഭവം...'

'ഇതിലെല്ലാമുപരി ആ കഥാപാത്രത്തെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ മോഹൻലാൽ അത് ഉൾക്കൊണ്ട രീതി... ഒരു ഉദാഹരണം പറഞ്ഞാൽ അതിൽ തഹസിൽദാരുടെ വീടേതാ... എന്ന് ലാൽ ചോദിക്കുന്ന ഒരു സീനുണ്ട്. ആ സീനാണ് ആദ്യത്തെ ദിവസം ഞങ്ങൾ ഷൂട്ട് ചെയ്തത്. സീനൊക്കെ പറഞ്ഞ് ആ ഗേറ്റൊക്കെ തുറന്ന് വരുന്ന ഷോട്ട് എടുത്തു.'

'അന്ന് മോണിറ്റർ ഒന്നുമില്ല. ക്യാമറയുടെ പിറകിൽ നിന്നാണ് സംവിധായകൻ ജഡ്ജ് ചെയ്യുന്നത്. സത്യത്തിൽ അത് കണ്ടുകഴിഞ്ഞപ്പോൾ ലാൽ കുറച്ച് ഓവറല്ലേ എന്നൊരു തോന്നൽ എനിക്കുണ്ടായി. ഞാൻ ശ്രീനിയോട് പറഞ്ഞു. ലാൽ കുറച്ചു ഓവറായിട്ട് ചെയ്‌തോയെന്ന്... മോഹൻലാൽ എന്ന നടൻ അങ്ങനെ ചെയ്യില്ലല്ലോ... അപ്പോൾ തന്നെ ഞാൻ ലാലിനോട് ചെന്ന് കമ്മ്യൂണിക്കേറ്റ് ചെയ്തു.'

'അപ്പോൾ ലാൽ ചോദിച്ചു... കമലിന് അങ്ങനെ തോന്നിയോ... നമുക്ക് വേണേൽ ഒന്നുകൂടി എടുക്കാമെന്ന്. ഞാൻ പറഞ്ഞു വീണ്ടും എടുക്കേണ്ടെന്ന്. ലാൽ ഇങ്ങനെയാണ് ഈ ക്യാരക്‌റിനെ കൺസീവ് ചെയ്തിരിക്കുന്നതെങ്കിൽ ഓക്കെയെന്നും പറഞ്ഞു. അപ്പോൾ ലാൽ പറഞ്ഞു. എന്റെ മനസിൽ ഈ ക്യാരക്ടർ ഇങ്ങനെയാണ് കയറിയത്. എനിക്ക് ഇങ്ങനെ ചെയ്യുന്നതാണ് സൗകര്യം ഇതാണ് എനിക്ക് കംഫർട്ടബിൾ. കമലിന് വേണമെന്നുണ്ടെങ്കിൽ ഞാൻ കുറച്ച് കുറയ്ക്കാം.'

'പക്ഷെ സർട്ടിലാക്കി കഴിഞ്ഞാൽ ടോട്ടൽ ക്യാരക്ടറിൽ ആ സർട്ടിലിറ്റി വന്ന് കഴിഞ്ഞാൽ സാഗർ കോട്ടപ്പുറം വേറൊരു ആളായി മാറുമോയെന്ന് മോഹൻലാൽ എന്റെയടുത്ത് ചോദിച്ചു. ആദ്യ ഷോട്ട് കഴിഞ്ഞപ്പോഴാണെന്ന് ആലോചിക്കണം... സാഗർ കോട്ടപ്പുറം മറ്റൊരു ആളായി, മറ്റൊരു കഥാപാത്രമായി മാറുമോയെന്ന് ലാൽ ചോദിച്ചപ്പോഴാണ് എത്രമാത്രം ആ ക്യാരക്ടറിനെ ലാൽ കൺസീവ് ചെയ്ത് കഴിഞ്ഞുവെന്ന് ഞാൻ ചിന്തിച്ചത്.'

'പിന്നെ നമുക്ക് മറിച്ച് ചിന്തിക്കേണ്ട കാര്യമില്ല ആശങ്കയില്ല. അതിന്റെ അടുത്ത ദിവസമാണ് ആ കോളിങ് ബെൽ അടിക്കുന്ന ഷോട്ട്. ശ്രീനിവാസന്റെ വീടിന്റെ മുമ്പിൽ വന്ന് ഷോക്കടിച്ച് ലാൽ വീഴുന്ന സീൻ. ലാൽ പറഞ്ഞു... റിഹേഴ്സൽ വേണ്ട കാരണം റിഹേഴ്സൽ ഉണ്ടെങ്കിൽ എനിക്കത് നന്നായി ചെയ്യാൻ പറ്റില്ല നമുക്കത് ടേക്ക് എടുക്കാമെന്ന്.'

'ഞാൻ സ്റ്റാർട്ട് ആക്ഷൻ പറഞ്ഞപ്പോൾ ലാൽ ഈ കോളിങ് ബെൽ അടിച്ചിട്ട് ഒരു വീഴ്ച വീണു. വീണപ്പോൾ ഞാൻ കട്ട് പറയാൻ മറന്നുപോയി. എനിക്ക് ചിരിച്ചിട്ട് കട്ട് പറയാൻ പറ്റുന്നില്ലെന്ന് മനസിലായപ്പോൾ ലാൽ അവിടെ കിടന്ന് കൊണ്ട് വീണ്ടും ഒരു കുടച്ചിൽ. അതാണ് തീയേറ്ററിൽ ഭയങ്കര ചിരി ഉണ്ടാക്കിയത്. അതാണ് ലാൽ എന്ന നടന്റെ പ്രസൻസ് ഓഫ് മൈന്റ്', എന്നാണ് അയാൾ കഥയെഴുതുകയാണ് സിനിമ ഷൂട്ടിങ് അനുഭവം പങ്കിട്ട് കമൽ പറഞ്ഞത്.