'പോരാടി ജയിച്ചവളാണ് സാമന്ത'; സാമന്തയുമായുള്ള സൗഹൃദത്തക്കുറിച്ച് കീര്‍ത്തി സുരേഷ്

 

തെന്നിന്ത്യന്‍ സിനിമകളിലെ മിന്നും താരമാണ് മലയാളിയായ കീര്‍ത്തി സുരേഷ്. സൂപ്പര്‍താരം സാമന്ത റൂത്ത് പ്രഭുവുമായി കീര്‍ത്തിക്കുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരിക്കല്‍  അഭിമുഖത്തിനിടെ  സാമന്തയെ കീര്‍ത്തി ഫോണ്‍ ചെയ്ത വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ വീണ്ടും സാമന്തയുമായുള്ള സൗഹൃദത്തക്കുറിച്ച് കീര്‍ത്തി സുരേഷ് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

മഹാനടി ചെയ്യുന്ന സമയം മുതല്‍ സാമന്തയെ അറിയാം. ആ സിനിമയിലാണ് ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത്. അതിനു ശേഷം ഒരുപാട് തവണ ഞങ്ങള്‍ കണ്ടിട്ടില്ല. എങ്കിലും നല്ല സൗഹൃദം എനിക്കും സാമിനുമിടയില്‍ ഉണ്ട്. ഒരിക്കല്‍ ഒരു രസകരമായ സംഭവമുണ്ടായി. ഞാന്‍ എന്റെ  സുഹൃത്തുക്കളുമായി ദുബായില്‍ പോയിരുന്നു. അന്ന് സാമിനോടും ചോദിച്ചു ദുബായ്ക്ക് വരുന്നുണ്ടോയെന്ന്. കൂടുതലൊന്നും ചിന്തിക്കാതെ സാം എനിക്കൊപ്പം വന്നു. എന്റെ  സുഹൃത്തുക്കളെയെല്ലാം പരിചയപ്പെടുകയും അവരുടെ ഒപ്പം സമയം ചെലവഴിക്കുകയും ചെയ്തു. രണ്ട് ദിവസം മുഴുവനായും സാം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. അതിനു ശേഷം മൂന്നുനാല് തവണ മാത്രണ് നേരിട്ട് കണ്ടിട്ടുള്ളത്. പക്ഷേ ഇന്‍സ്റ്റഗ്രാമിലൂടെ പരസ്പരം ഒരുപാട് സംസാരിക്കാറുണ്ട്. സാമിന്റെ സിനിമകള്‍ വരുമ്പോള്‍ ഞാന്‍ അങ്ങോട്ട് മെസേജ് ചെയ്യാറുണ്ട്. വളരെ കുറച്ച് മാത്രമേ നേരിട്ടു കണ്ടിട്ടുള്ളൂവെങ്കിലും ഞങ്ങള്‍ക്കിടയില്‍ നല്ലൊരു ബന്ധം നിലനില്‍ക്കുന്നുണ്ട്.

ജീവിതത്തില്‍ നടക്കുന്ന പല കാര്യങ്ങളും തുറന്നുപറയാന്‍ മടിയില്ലാത്ത വ്യക്തിയാണ് സാമന്ത. പ്രൊഫഷണല്‍ ലൈഫിലും വ്യക്തി ജീവിതത്തിലും സാം വളരെ ബോള്‍ഡാണ്. ഒരുപാട് ആളുകള്‍ക്ക് റോള്‍ മോഡല്‍ കൂടിയാണ് സാം. ശാരീരിക അസ്വസ്ഥതകള്‍ വന്നപ്പോള്‍ പോലും മനസു തളരാതെ അതിനോട് പോരാടി ജയിച്ചയാളാണ് സാമന്ത. ഏകദേശം 15 വര്‍ഷത്തോളമായി സാമന്ത സിനിമയില്‍ എത്തിയിട്ട്. പല കാര്യങ്ങളിലും സാം എടുക്കുന്ന തീരുമാനങ്ങളെല്ലാം മികച്ചതാണ്. ജീവിതത്തില്‍ തളര്‍ന്ന് പോകുന്ന ഘട്ടം എത്തിയപ്പോള്‍ പോലും സാമന്ത പോരാടി ജയിച്ചു. അതിനുള്ള കഴിവ് സാമന്തക്കുണ്ട്. തെന്നിന്ത്യയില്‍ മാത്രമല്ല ഇപ്പോള്‍ ബോളിവുഡിലും സാമന്ത എത്തി നില്‍ക്കുന്നു. സെലിബ്രിറ്റീസില്‍ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് സാമന്ത. എന്റര്‍ടെയ്ന്‍ ചെയ്യുകയും ഒരുപാട് തമാശ പറയുകയും ചെയ്യുന്നയാളാണ് സാം. എനിക്ക് സാമന്തയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരുപാട് അഭിമാനം തോന്നുന്നുണ്ട്- കീര്‍ത്തി സുരേഷ് പറഞ്ഞു.