ആഗോള ബോക്‌സ് ഓഫീസിൽ 35 കോടി പിന്നിട്ട് 'ഖലീഫ'; മികച്ച പ്രതികരണവുമായി പൃഥ്വിരാജ് ചിത്രം
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ 'ഖലീഫ' ആഗോള ബോക്‌സ് ഓഫീസിൽ 35 കോടി രൂപ പിന്നിട്ടതായി റിപ്പോർട്ട്. ഓഗസ്റ്റ് 20ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെൻസർ ബോർഡ് യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
വിദേശ വിപണിയിൽ നിന്ന് മാത്രം 16 കോടി രൂപ ചിത്രം നേടിയതായി സാക്‌നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച കളക്ഷൻ നേടിയാണ് 'ഖലീഫ' മുന്നേറുന്നത്.
വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ജിനു എബ്രഹാമിന്റേതാണ്. ജിനു ഇന്നൊവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാം തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സുരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമാതാക്കൾ.
മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാളവിക ശർമ്മയാണ് നായിക. മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. രഞ്ജി പണിക്കർ, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, മോഹിനി, കൈറ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
ജേക്‌സ് ബിജോയ് സംഗീതം ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. ജോമോൻ ടി. ജോണാണ് ഛായാഗ്രഹണം. ചമൻ ചാക്കോ എഡിറ്റിങ്ങും മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. യാനിക്ക് ബെൻ, ഫീനിക്‌സ് പ്രഭു, ചേതൻ ഡിസൂസ എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്.