മലയാളത്തിലെ ആദ്യ എ.ഐ നിർമിത കിഡ്‌സ് ഒറിജിനൽ ചിത്രം ‘ഖുഷി’; ശബ്ദം നൽകി സുരാജ് വെഞ്ഞാറമൂട്

 

കുട്ടികളുടെ വിനോദ പരിപാടികൾക്ക് പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് മലയാളത്തിലെ ആദ്യ എ.ഐ അധിഷ്ഠിത കിഡ്‌സ് ഒറിജിനൽ ചിത്രം ‘ഖുഷി – ദ് പ്രിൻസസ് ഓഫ് ദ് ജംഗിൾ’ മനോരമ മാക്സിൽ എത്തുന്നു. നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ശബ്ദവിവരണത്തോടെ എത്തുന്ന ചിത്രം നവംബർ 14 മുതൽ സ്ട്രീമിങ് ആരംഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും ഭാവനയും സമന്വയിപ്പിക്കുന്ന ഈ ചിത്രത്തിന് 100 മിനിറ്റാണ് ദൈർഘ്യം.

കാടിന്റെ മാന്ത്രിക ലോകത്തിലേക്കുള്ള രസകരമായൊരു യാത്രയാണ് കുട്ടികൾക്കും കുടുംബപ്രേക്ഷകർക്കുമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം. മൃഗങ്ങളും തമാശകളും ഫാന്റസിയും ജീവിതമൂല്യങ്ങളും കോർത്തിണക്കിയാണ് കഥ മുന്നോട്ടുപോകുന്നത്. കാട്ടിൽ പ്രവേശിക്കുമ്പോൾ മൃഗങ്ങളോട് സംസാരിക്കാനുള്ള കഴിവ് ലഭിക്കുന്ന എട്ടുവയസ്സുകാരിയായ ഖുഷിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ബണ്ടു എന്ന കുരങ്ങനും കൂട്ടുകാരുമായുള്ള സൗഹൃദത്തിലൂടെ ആരംഭിക്കുന്ന ഖുഷിയുടെ യാത്രയിൽ താര എന്ന ആന, ഗോലു എന്ന മുള്ളൻപന്നി തുടങ്ങി നിരവധി മൃഗങ്ങളും പങ്കുചേരുന്നു.

ചരൺ എന്ന വില്ലനും കൂട്ടാളികളും ചേർന്ന് കാടിനും അവിടെയുള്ള മൃഗങ്ങൾക്കും ഭീഷണിയാകുമ്പോൾ, അവരെ സംരക്ഷിക്കാനുള്ള ദൗത്യം ഖുഷി ഏറ്റെടുക്കുന്നതാണ് കഥയുടെ വഴിത്തിരിവ്. ധൈര്യവും കരുണയും സൗഹൃദത്തിന്റെ കരുത്തും കൈമുതലാക്കി കാടിനെയും തന്റെ സുഹൃത്തുക്കളെയും രക്ഷിക്കാനുള്ള അവളുടെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കാടിന്റെ സാഹസികതയ്ക്കൊപ്പം കുടുംബബന്ധങ്ങളുടെ ഊഷ്മളതയും അവതരിപ്പിക്കുന്ന ചിത്രം നാല് മുതൽ 12 വയസ്സുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്.