കുഞ്ചാക്കോ ബോബൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ'; ആദ്യ ഗാനം പുറത്ത്, ചിത്രം ഏപ്രിലിൽ തിയേറ്ററുകളിലേക്ക്

 

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിലെ നൊസ്റ്റാൾജിയ ഉണർത്തുന്ന ഗാനരംഗമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. റേഡിയോയിലൂടെ കേൾക്കുന്ന ഗാനത്തിന് കുഞ്ചാക്കോ ബോബനും സജിൻ ഗോപുവും ദിലീഷ് പോത്തനും ചുവടുവെക്കുന്ന രസകരമായ ദൃശ്യങ്ങളാണ് ഗാനത്തിലുള്ളത്. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെ വരികളെഴുതിയ ഗാനം കപിൽ കപിലനും നേഹ നായരും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഡോൺ വിൻസെന്റാണ് സംഗീതം.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്‌ചേഴ്‌സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ രണ്ട് പ്രമുഖ പ്രൊഡക്ഷൻ കമ്പനികൾ ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അർജുൻ സേതു ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവ്വഹിക്കുന്നു. വയനാട്ടിലെ വിവിധ ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും.