'ഇന്ത്യൻ എഡിസനായി' മാധവൻ; ജി.ഡി. നായിഡുവിന്റെ ബയോപിക് 'ജിഡിഎൻ' ജൂലൈ 17-ന് തിയേറ്ററുകളിലേക്ക്

 

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോറിന്റെ സൃഷ്ടാവ് ജി.ഡി. നായിഡുവിന്റെ ജീവിതം പറയുന്ന ബയോപിക് ചിത്രം 'ജിഡിഎൻ' (GDN) ജൂലൈ 17-ന് തീയേറ്ററുകളിലെത്തും. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ആർ. മാധവനെ നായകനാക്കി നവാഗതനായ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുതിയ പോസ്റ്ററിലൂടെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പോസ്റ്ററിൽ ജി.ഡി. നായിഡുവിന്റെ ലുക്കിലുള്ള മാധവനൊപ്പം സത്യരാജ്, ദുഷാര വിജയൻ എന്നിവരെയും കാണാം.

'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിന് ശേഷം മാധവൻ വീണ്ടുമൊരു ശാസ്ത്രജ്ഞന്റെ വേഷപ്പകർച്ചയിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. വർഗീസ് മൂലൻ പിക്ചേഴ്സ്, ട്രൈകളർ ഫിലിംസ്, മീഡിയ മാക്സ് എന്റർടൈൻമെന്റ്സ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ പ്രിയാമണി, ജയറാം, വിനയ് റായ്, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സോണൽ പണ്ടേ, സഞ്ജയ് ബെക്ടർ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 'ഇന്ത്യയുടെ എഡിസൺ', 'കോയമ്പത്തൂരിന്റെ സാമ്പത്തിക സ്രഷ്ടാവ്' എന്നെല്ലാം അറിയപ്പെട്ടിരുന്ന ജി.ഡി. നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയാക്കിയത്. തമിഴിൽ ചിത്രീകരിക്കുന്ന സിനിമ തമിഴ് കൂടാതെ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറുമായി അരവിന്ദ് കമലനാഥൻ നിർവ്വഹിക്കുമ്പോൾ മുരളീധരൻ സുബ്രഹ്മണ്യം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്നു. വാർത്താപ്രചരണം: പി. ശിവപ്രസാദ്.