'ദൃശ്യം 3' തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു; സിനിമ നിയമക്കുരുക്കിൽ
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് പരമ്പരയിലെ പുതിയ ചിത്രമായ 'ദൃശ്യം 3' നിയമക്കുരുക്കിൽ. ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റപ്പതിപ്പ് (Dubbed Version) ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. നിർമാണക്കമ്പനിയായ രാജ്കുമാർ തിയേറ്റർ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ബെഞ്ച് റിലീസിന് ഇടക്കാല സ്റ്റേ അനുവദിച്ചത്.
നേരത്തെ വെങ്കടേഷ് നായകനായ 'ദൃശ്യം' ഒന്നും രണ്ടും ഭാഗങ്ങളുടെ തെലുങ്ക് റീമേക്കുകൾ നിർമിച്ചത് രാജ്കുമാർ തിയേറ്റർ പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം തങ്ങൾക്കാണെന്നും, ഈ ഘട്ടത്തിൽ ഡബ്ബ് ചെയ്ത പതിപ്പ് ഒടിടിയിലെത്തിയാൽ അത് ഭാവിയിലെ റീമേക്ക് സാധ്യതകളെയും ബിസിനസിനെയും ബാധിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.
കോടതി നോട്ടീസ് അയച്ചിട്ടും എതിർകക്ഷികൾ ആരും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ഹർജിക്കാരുടെ പകർപ്പവകാശം മുൻനിർത്തി റിലീസ് തടയാൻ കോടതി ഉത്തരവിട്ടത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിച്ച 'ദൃശ്യം 3' ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഇന്ന് (ജൂൺ 18) ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങാനിരിക്കെയാണ് കോടതിയുടെ നിർണായക സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്.