പ്രീ ഡി​ഗ്രി മുതൽ സാരി ഉടുക്കുന്നു, വീട്ടിൽ മുണ്ടും നേര്യതുമാണ്', കാവ്യ മാധവൻ സമ്മാനിച്ച സാരിയും ശേഖരത്തിലുണ്ട്; മാലാ പാർവതി 

 

നടി മാലാ പാർവതി ഒരു സാരി പ്രേമിയാണ്. പ്രീ ഡി​ഗ്രി കാലം മുതൽ സാരിയുടുത്ത് തുടങ്ങിയതിനാൽ വലിയൊരു സാരി ശേഖരം തന്നെ നടിക്കുണ്ട്. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ സാരി ശേഖരത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് മാല പാർവതി. വിലയ്ക്കല്ല ഉടുക്കുമ്പോഴുള്ള കംഫേർട്ടിന് പ്രാധാന്യം നൽകിയാണ് പാർവതി സാരികൾ വാങ്ങുന്നത്.

നടി കാവ്യ മാധവൻ അടക്കമുള്ളവർ സമ്മാനിച്ച സാരികളും മാലാ പാർവതിയുടെ ശേഖരത്തിലുണ്ട്. സാരിയിൽ മാത്രമെ പൊതു ചടങ്ങുകളിൽ മാലാ പാർവതി പ്രത്യക്ഷപ്പെടാറുള്ളു. എന്റെ ഭൂരിഭാ​ഗം സാരികളും തിരുവനന്തപുരത്തെ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. കാവ്യ മാധവൻ പണ്ട് എനിക്ക് ഒരു സാരി തന്നിരുന്നു. ഒരുപാട് വർഷം മുമ്പാണ് കാവ്യ സാരി ​എനിക്ക് ​ഗിഫ്റ്റ് തന്നത്. അത് ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. സാരികൾ ഒന്നും ഞാൻ ചീത്തയാക്കാറില്ല. സൂക്ഷിച്ചുവെക്കും. ഇങ്ങനൊരു സാരി തന്ന കാര്യം കാവ്യയ്ക്ക് ഓർമ കാണുമോയെന്ന് അറിയില്ല. കാവ്യയുടെ പാട്ടിന്റെ ഒരു റിലീസ് പ്രോ​ഗ്രാം ഉണ്ടായിരുന്നു വർഷങ്ങൾക്ക് മുമ്പ്. അതുമായി ബന്ധപ്പെട്ടുള്ള ചെറിയ ചെറിയ കാര്യങ്ങളിൽ ഞാൻ കാവ്യയെ ഹെൽപ്പ് ചെയ്തിരുന്നു. ​ ഹെൽപ്പ് എന്നൊന്നും അതിനെ പറയാൻ പറ്റില്ല. കാവ്യ പ്രസം​ഗിക്കാൻ പോകുമ്പോൾ എന്തെങ്കിലുമൊക്കെ വിളിച്ച് ചോ​ദിക്കും. പിന്നെ ഞങ്ങൾ ഒരുപാട് സംസാരിക്കുമായിരുന്നു. പാട്ടിന്റെ റിലീസ് പ്രോ​ഗ്രാം സമയത്ത് ആ ഫങ്ഷന് വേണ്ടി കാവ്യ എനിക്ക് തന്നതാണ് ഈ യെല്ലോ സാരി. ഇപ്പോൾ കാവ്യയെ കാണാൻ സാധിക്കാറില്ല. കാവ്യ ചെന്നൈയിലല്ലേ താമസം.

ഞാൻ സാധാരണയായി ഉടുക്കുന്ന തരത്തിലുള്ള സാരികൾ തന്നെയാണ് പലരും എനിക്ക് ​ഗിഫ്റ്റ് ചെയ്യാറ്. കംഫർട്ട് നോക്കി മാത്രമാണ് ഞാൻ സാരി സെലക്ട് ചെയ്യുന്നത്. ഫാൻസി സാരി ധരിക്കാറില്ല. യാത്രകൾക്ക് പോലും സാരിയാണ് ഉപയോ​ഗിക്കാറ്. ടെസർ സിൽക്ക് സാരിയാണ് എന്റെ ശേഖരത്തിൽ കൂടുതൽ. ഏത് സാരി കിട്ടിയാലും രണ്ട് മിനിറ്റ് കൊണ്ട് ഉടുക്കും.

ബ്രൈറ്റ് കളർ സാരികൾ ഞാൻ ഉടുക്കാറില്ല. പിന്നെ കല്യാണ സാരി ഞാൻ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഭയങ്കര കല്യാണ സാരിയൊന്നും ആയിരുന്നില്ല. കാരണം ഞാൻ രജിസ്റ്റർ മാരേജ് ചെയ്യുകയായിരുന്നു. പിന്നെ കല്യാണത്തിന് എന്നും പറഞ്ഞ് ഒരു സാരി വാങ്ങിക്കുകയായിരുന്നു. വീട്ടിൽ ഞാൻ മുണ്ടും നേരിയതുമാണ് ഉപയോ​ഗിക്കുന്നത്. കാഞ്ചിപുരം സാരികൾ അമ്മയാണ് എനിക്ക് വാങ്ങി തന്നിട്ടുള്ളത്. ഞാൻ റിപ്പീറ്റ് ചെയ്ത് സാരി ഉടുക്കാറുണ്ട്. പ്രീ ഡി​ഗ്രി കാലം മുതൽ ഞാൻ സാരി ഉടുക്കുന്നുണ്ട്. അതെല്ലാം സൂക്ഷിച്ച് വെച്ചിട്ടുമുണ്ടെന്നും മാലാ പാർവതി പറയുന്നു. മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സജീവമാണ് ഇപ്പോൾ നടി.