താരസംഘടന 'അമ്മ’ ഭരണസമിതി സ്ഥാനമൊഴിയണം- തുറന്ന കത്തുമായി മാലാ പാർവതി

 

താരസംഘടന 'അമ്മ' ഭരണസമിതി പൂർണ്ണമായി രാജിവെച്ച് ഒഴിയണമെന്ന ആവശ്യവുമായി നടി മാലാ പാർവതി. ടിനി ടോമിനെതിരായ നടി അൻസിബ ഹസന്റെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ വിവാദങ്ങളെത്തുടർന്നാണ് ആവശ്യം. സംഘടനയുടെ വിശ്വാസ്യതയും ധാർമികതയും മുൻനിർത്തി ഭരണസമിതി രാജിവെച്ചൊഴിയണമെന്ന് സംഘടനയ്‌ക്കെഴുതിയ തുറന്ന കത്തിൽ മാലാ പാർവതി ആവശ്യപ്പെട്ടു.

'പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടുന്ന ഭരണസമിതിയുടെ പ്രവർത്തനങ്ങളേയും തീരുമാനങ്ങളേയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നു. ഉൾപ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്തുവരുന്നത്. ഭരണനിർവഹണത്തിൽ ആവശ്യമായ ആശയവിനിമയും സുതാര്യതയും ഉണ്ടായില്ല. അംഗങ്ങൾ തമ്മിലുള്ള പരസ്യമായ ആരോപണ- പ്രത്യാരോപണങ്ങളും സംഘടനയുടെ അന്തസ്സിന്‌ മുറിവേൽപ്പിച്ചു. നിലവിലെ പ്രതിസന്ധിയുടെയും ഭരണപരമായ പരാജയങ്ങളുടെയും ധാർമികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി സ്ഥാനമൊഴിയണം എന്നാണ് ഒരു അംഗം എന്ന നിലയിൽ എന്റെ അഭിപ്രായവും ആവശ്യവും', മാലാ പാർവതി തുറന്ന കത്തിൽ കുറിച്ചു.